കാലിന് പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കൊമ്പനാനയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര വിദഗ്ധ ചികിത്സ നൽകി. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ അതിരപ്പിള്ളി റേഞ്ചിന് കീഴിലുള്ള ഏഴാറ്റുമുഖം എരുമത്തടം ഭാഗത്താണ് ഏകദേശം 15 വയസ് പ്രായമുള്ള ആനയെ കണ്ടെത്തിയത്. ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കൊമ്പന് പരിക്കേറ്റതെന്നാണ് ഡോക്ടർമാരുടെ നിഗമനം.
പരിക്കേറ്റ ആനയെ നിരീക്ഷിക്കാൻ വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടർന്ന് വെറ്ററിനറി ഡോക്ടർമാരും വനപാലകരും അടങ്ങുന്ന സംഘം ആനയെ മയക്കുവെടി വച്ച് വിദഗ്ധ ചികിത്സ നൽകാൻ ശുപാർശ ചെയ്യുകയായിരുന്നു. കാട്ടിൽ ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ആനയ്ക്ക് പരിക്കേറ്റതെന്നാണ് ഡോക്ടർമാരുടെ നിഗമനം.
സെപ്തംബർ 19-ന് രാവിലെ എട്ടുമണിയോടെ ആരംഭിച്ച ദൗത്യം രാവിലെ 11.30-ഓടെയാണ് പൂർത്തിയായത്. അതിരപ്പിള്ളി റേഞ്ചിലെ വനപാലകരുടെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാർ ആനയെ മയക്കുവെടി വെച്ച് ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് വിട്ടയച്ചു. തുടർന്നും ആനയെ അഞ്ചംഗ സംഘം നിരീക്ഷിക്കും.
വാഴച്ചാൽ ഡി.എഫ്.ഒ സുരേഷ് ബാബു ഐ.എസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ , സെൻട്രൽ സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ. അടലരശൻ എന്നിവരുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. വെറ്ററിനറി ഡോക്ടർമാരായ ഡോ. ബിനോയ് സി. ബാബു, ഡോ. ഡേവിഡ് എബ്രഹാം, ഡോ. മിഥുൻ ഒ.വി എന്നിവരും, അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ, ഷോളയാർ റേഞ്ചുകളിലെ ഫോറസ്റ്റ് ഓഫീസർമാർ ഉൾപ്പെടെയുള്ള വനപാലകരും ദൗത്യത്തിൽ പങ്കെടുത്തു.




