കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് തൂണേരിയില്‍ 9 വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും ബാധിച്ച കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് പരിശോധന ഫലം വന്നത്. 9 വയസുകാരന്റെ 5 വയസുള്ള അനുജത്തിക്ക് സമാന രോഗലക്ഷണങ്ങളെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 3 പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. കുട്ടികളെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മലേറിയ ബാധിച്ച മധ്യപ്രദേശ് സ്വദേശിയും നിരീക്ഷണത്തിലാണുള്ളത്. രോഗിക്ക് മധ്യപ്രദേശില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതെസമയം നിപ രോഗബാധിതന്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കിയിട്ടുണ്ട്. പുതിയ നിപ കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിപ രോഗിയുടെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി അറിയിച്ചു.





