കുട്ടികളിലെ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധത്തിനും പിന്തുണയ്ക്കുമായി സമഗ്രമായ സമീപനം വേണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ പറഞ്ഞു. ‘കുട്ടികളിലെ ജീവിതശൈലീ രോഗങ്ങൾ : പ്രതിരോധവും നിയന്ത്രണവും’ എന്ന വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും യുണീസെഫും സംയുക്തമായി നിയമസഭാ സമുച്ചയത്തിലെ ഹാളിൽ സംഘടിപ്പിച്ച നിയമസഭാ സമാജികരുമായുള്ള സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതശൈലി രോഗങ്ങളുടെ ഭാഗമായിട്ടോ, ജനിതക വൈകല്യങ്ങൾകൊണ്ടോ പരിസ്ഥിതിക പ്രശ്നങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ടോ കുട്ടികളുടെ ഇടയിൽ നിരവധി രോഗങ്ങൾ ഉണ്ടാകുന്നുണ്ട്. പ്രധാനമായും ടൈപ്പ് വൺ പ്രമേഹം, ആസ്തമ, ഹൃദയ സംബന്ധമായ രോഗങ്ങൾ, ചില മാനസികാരോഗ്യ പ്രശ്നങ്ങൾ, ഉത്കണ്ഠ, വിഷാദം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളൊക്കെ കണ്ടുവരുന്നുണ്ട്.കേരളം യഥാർത്ഥത്തിൽ പൊണ്ണത്തടിയന്മാരുടെ നാടായി മാറുകയാണ്. കുട്ടികളെ അടച്ചിട്ട മുറിക്കകത്ത് ഇരുത്തി പഠിപ്പിക്കുന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വം എന്ന ധാരണയിലേക്ക് സമൂഹം മാറിയതിന്റെ ദുരന്തമാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഒരു കാരണം.
സാംക്രമികേതര രോഗങ്ങൾ ബാധിച്ച കുട്ടികളെല്ലാം ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുന്നവരാണ്. രോഗബാധിതരായ അവസ്ഥയിൽ നിന്നുകൊണ്ട് തന്നെ ‘ഞാൻ ഇങ്ങനെയാണല്ലോ’ എന്ന ചിന്തയുടെ ഭാഗമായി അവർക്ക് ഡിപ്രഷനും ആൻസൈറ്റിയും സ്ട്രെസ്സും ഒക്കെ വരാനുള്ള സാധ്യതയുണ്ട്. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കാരണം അവരുടെ സെൽഫ് എസ്റ്റീം ഇല്ലാതായിപ്പോകാം. എല്ലാ ഭക്ഷണവും ആസ്വദിച്ചോ, എല്ലാ കാലാവസ്ഥയെയും മറികടന്നോ, പൂർണമായ അർത്ഥത്തിൽ ഒരു സാമൂഹ്യ ജീവിയായിട്ടോ ജീവിക്കാൻ അവർക്ക് കഴിയില്ല.
ഈ കുട്ടികളെ രോഗം വന്നാലും മുന്നോട്ട് നയിക്കാനും അവരെ ചേർത്തു നിർത്താനുമുള്ള കൃത്യമായ മാർഗനിർദേശം നമുക്കുണ്ടാകണം. രോഗത്തെ മാനേജ് ചെയ്യാൻ കുട്ടികളും ഇത്തരം കുട്ടികളെ മാനേജ് ചെയ്യാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും പരിശീലിക്കേണ്ടതുണ്ട്.
പൊതുസമൂഹവും സംവിധാനങ്ങളും സർക്കാരും ഈ കുട്ടികളെ സന്തോഷകരമായ ഒരു അവസ്ഥയിലേക്ക് കൊണ്ടുവരാൻ പ്രവർത്തിക്കേണ്ടതുണ്ട്. കുട്ടികൾക്ക് അവരുടെ ലൈഫ് സ്റ്റൈൽ മാറാനും പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെ നടത്തണം എന്നതിനെക്കുറിച്ചും വിദ്യാഭ്യാസം നൽകേണ്ടതുണ്ട്. പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായ ക്യാമ്പയിനുകൾ നല്ല നിലയിൽ നടത്തേണ്ടതുണ്ട്. ഈ വിഷയത്തെ നയരൂപീകരണത്തിലേക്ക് കൊണ്ടുവരാനായി കുട്ടികളുടേയും നമിയസഭാസാമാജികരുടേയും ഡോക്ടർമാരുടേയും രാഷ്ട്രീയക്കാരുടേയും രക്ഷിതാക്കളുടേയും അഭിപ്രായങ്ങൾ കോർത്തിണക്കി വിശദമായ ശുപാർശകൾ സർക്കാരിൽ സമർപ്പിക്കാനാണ് കമ്മിഷൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുണിസെഫ് ചീഫ് ഒഫ് സോഷ്യൽ പോളിസി കെ എൽ റാവു വിഷയാവതരണം നടത്തി. വനിതാ ശുശു ക്ഷേമകാര്യ ഉപസമിതി ചെയർപേഴ്സൺ യു പ്രതിഭ എംഎൽഎ, മറ്റു നിയമസഭാ സാമാജികർ, യുണിസെഫ് പ്രതിനിധി ശ്യാം സുധീർ ബണ്ടി, നിയമസഭാ സെക്രട്ടറി ഡോ എൻ കൃഷ്ണ കുമാർ, നോൺ കമ്മ്യൂണിക്കബിൾ ഡിസീസസ് സ്റ്റേറ്റ് കൺസൾട്ടന്റ് ഡോ. മനു, ബാലാവകാശ കമ്മിഷൻ അംഗങ്ങളായ ബി മോഹൻകുമാർ, കെ കെ ഷാജു, സിസിലി ജോസഫ്, സെക്രട്ടറി എച്ച് നജീബ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സംവാദത്തിന്റെ ഭാഗമായി.
കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ മുൻനിർത്തി സമഗ്രവും ശിശു കേന്ദ്രീകൃതവുമായ ചികിത്സാ സംവിധാനങ്ങളുടെ അടിയന്തര ആവശ്യകത മുന്നോട്ടുവച്ച് ഈ വിഷയത്തിൽ ബഹുമുഖ പങ്കാളിത്തത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, കുട്ടികൾ, അധ്യാപകർ, മെഡിക്കൽ പ്രൊഫഷണലുകൾ, മാധ്യമ പ്രവർത്തകർ, സന്നദ്ധ സംഘടനകളുടെയും, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും മേലധികാരികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാനതല നേതാക്കൾ, യുവജന-വിദ്യാർത്ഥി സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന വിവിധ സംസ്ഥാനതല കൂടിയാലോചനാ യോഗങ്ങൾ ബാലാവകാശ സംരക്ഷണ കമ്മിഷൻ യൂനിസെഫിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിരുന്നു. യോഗചർച്ചകളിൽ ഉയർന്നുവന്ന നിരീക്ഷണങ്ങൾ അന്തിമാക്കുന്നതിനാണ് നിയമസഭാസാമാജികരുമായി സംവാദം സംഘടിപ്പിച്ചത്. ഇതു പ്രകാരം അന്തിമാമാക്കുന്ന ശുപാർശകൾ കമ്മിഷൻ സർക്കാരിന് സമർപ്പിക്കും. സാംക്രമികേതര രോഗങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിലൂടെ കുട്ടികളുടെ സമഗ്രമായ വികസനം ഉറപ്പുവരുത്തുകയും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയുമാണ് ലക്ഷ്യം.





