Court Kerala News

മരോട്ടിച്ചാൽ റിജു വധം കേസ് പ്രതികൾ കുറ്റക്കാർ

മരോട്ടിച്ചാൽ രാഗം ജംഗ്ഷനിൽ സഹോദരന്മാരായ റിജുവിനെയും ബിജുവിനെയും ക്രൂരമായി ആക്രമിച്ച കേസിൽ, ഒല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2, 6, 7 പ്രതികൾ കുറ്റക്കാരാണെന്ന് തൃശൂർ ഒന്നാം നമ്പർ അഡീഷണൽ ജില്ലാ കോടതി വിധിച്ചു. ഷെറി (കുഞ്ഞുമോൻ), പ്രകാശൻ, അനൂപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2010-ൽ നടന്ന ഈ സംഭവത്തിൽ, ആക്രമണത്തിൽ റിജു കൊല്ലപ്പെടുകയും, സഹോദരനായ ബിജുവിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. കല്ലൂർ–മരോട്ടിച്ചാൽ റൂട്ടിലെ സ്വകാര്യ ബസ് സർവീസുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന്റെ തുടക്കം. ബിജുവിന്റെ ബസ് തല്ലിത്തകർത്ത സംഭവത്തിൽ പോലീസ് കേസെടുത്തതിലുള്ള വൈരാഗ്യമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്.

ഒന്നാം പ്രതിയായ കീടായി ബൈജുവിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് നടത്തിയ ആക്രമണത്തിലാണ് റിജു കൊല്ലപ്പെട്ടതെന്നും ബിജുവിന് ഗുരുതരമായി പരിക്കേറ്റതെന്നും പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ഒന്നാം പ്രതി മരണപ്പെട്ടിരുന്നു. തുടർന്ന് നിയമവിരുദ്ധമായി സംഘം ചേർന്ന് ആക്രമണം നടത്തിയതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 147, 148, 149 വകുപ്പുകൾ പ്രകാരം മറ്റ് പ്രതികളെയും ഉൾപ്പെടുത്തി വിചാരണ തുടരുകയായിരുന്നു.

വിചാരണയ്ക്കിടയിൽ നാലാം പ്രതിയും മരണപ്പെട്ടു. ഒളിവിൽ പോയ മൂന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചാം പ്രതിയെ കേസിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തി.

അവസാനമായി, 2, 6, 7 പ്രതികളെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 324, 302, 307 വകുപ്പുകൾ ആർ എൽ ഡബ്ല്യു 34 പ്രകാരം കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി ഈ മാസം 19ന് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *