ഭാരതത്തിലെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, 2005ൽ നിലവിൽ വന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതുക്കപ്പെടുന്നു. 2025ലെ പുതിയ ബിൽ പ്രകാരം പദ്ധതി ഇനി ‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)’ (വി ബി ജി റാം ജി) എന്ന പേരിലായിരിക്കും അറിയപ്പെടുക.
സുതാര്യത ഉറപ്പാക്കാനും അഴിമതി പൂർണമായും തുടച്ചുനീക്കാനും ലക്ഷ്യമിട്ട നിയമപരിഷ്കാരങ്ങളുടെ സമഗ്ര പാക്കേജാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. വ്യാജ പ്രചാരണങ്ങൾക്ക് വിരാമമിട്ട്, യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.
പുതിയ നിയമപ്രകാരം വാർഷിക തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 125 ആയി വർധിപ്പിച്ചു. ഇത് ഗ്രാമീണ തൊഴിലാളികൾക്ക് നേരിട്ട് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണ്. ‘ഡിമാൻഡ് അടിസ്ഥാനത്തിലുള്ള തൊഴിൽ’ എന്ന ആശയം ഇല്ലാതാകുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
പദ്ധതി കൂടുതൽ ശാസ്ത്രീയവും ക്രമബദ്ധവുമാക്കാൻ വാർഷിക സംസ്ഥാന അലോക്കേഷൻ എന്ന സംവിധാനം നടപ്പാക്കുന്നു. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് ലഭ്യമായ ഫണ്ടിനനുസരിച്ച് തൊഴിൽ വിതരണം കാര്യക്ഷമമായി ക്രമീകരിക്കാനും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനും സാധിക്കും.
പുതിയ ബിൽ പ്രകാരം പദ്ധതിയുടെ മൊത്തച്ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും വഹിക്കണം. ഇതിലൂടെ സംസ്ഥാന സർക്കാരുകൾ പദ്ധതി നടത്തിപ്പിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും.
കേന്ദ്ര സഹായത്തിൽ മാത്രം ആശ്രയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിച്ച സംസ്ഥാനങ്ങൾക്ക് ഇത് വെല്ലുവിളിയായേക്കാം. എന്നാൽ സഹകരണ ഫെഡറലിസത്തിന്റെ മികച്ച മാതൃകയാണിതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ധൂർത്ത് ഒഴിവാക്കിയാൽ കേരളം പോലുള്ള സംസ്ഥാനങ്ങൾക്കും ഈ വിഹിതം കണ്ടെത്തുന്നത് അസാധ്യമല്ലെന്നതാണ് വിലയിരുത്തൽ.
ജിയോ ടാഗിംഗ്, തത്സമയ ഫോട്ടോ അപ്‌ലോഡ് തുടങ്ങിയ സാങ്കേതിക പരിഷ്കാരങ്ങൾ തൊഴിലാളികളെ വലയ്ക്കാനല്ല, മറിച്ച് ‘ഗോസ്റ്റ് വർക്കേഴ്സിനെ’ ഒഴിവാക്കാനാണ്. ഓരോ രൂപയും അർഹതപ്പെട്ട തൊഴിലാളിയുടെ കൈകളിൽ തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ അനിവാര്യമാണ്.
സുതാര്യത വർധിക്കുന്നത് തൊഴിലാളികൾക്ക് ഗുണകരമാണെന്നും, ക്രമക്കേടുകൾക്ക് പഴയ വഴികൾ അടയുന്നതാണ് ചില രാഷ്ട്രീയ വിമർശനങ്ങൾക്ക് പിന്നിലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
‘പി.എം. ഗതിശക്തി’ (PM GatiShakti) ഡിജിറ്റൽ ഗ്രിഡുമായി തൊഴിലുറപ്പ് പദ്ധതിയെ ബന്ധിപ്പിക്കുന്നതിലൂടെ ഗുണമേന്മയുള്ള ആസ്തി സൃഷ്ടി സാധ്യമാകും. വഴിവെട്ടലും കുഴിയെടുപ്പും മാത്രം ആയിരുന്ന പഴയ മാതൃകയ്ക്ക് പകരം, അടിസ്ഥാന സൗകര്യ വികസനത്തിന് സഹായിക്കുന്ന ദീർഘകാല പ്രയോജനമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഗ്രാമങ്ങളിൽ നടപ്പാക്കും. ഇത് ഗ്രാമങ്ങളെ നഗരങ്ങളുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുകയും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുകയും ചെയ്യും.
വി ബി ജി റാം ജി ബിൽ 2025 തൊഴിലുറപ്പ് പദ്ധതിയെ പുതിയ കാലഘട്ടത്തിന് അനുയോജ്യമായി രൂപാന്തരപ്പെടുത്തുന്ന ധീരമായ നടപടിയാണ്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഇതിനെ എതിർക്കുന്നത് ഗ്രാമീണ ജനതയുടെ പുരോഗതിയെ തടയുന്നതിന് തുല്യമാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.
അഴിമതിയുടെ പഴുതുകൾ അടഞ്ഞാൽ യഥാർത്ഥ തൊഴിലാളികൾക്ക് കൂടുതൽ തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉറപ്പാകും. വികസിത് ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഗ്രാമീണ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ ഈ നിയമം നിർണായക പങ്ക് വഹിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.





