തൃശ്ശൂർ: നിരോധിത മയക്കുമരുന്നായ എംഡിഎംഎ വില്പനയ്ക്കായി കൈവശം വെച്ച കേസിൽ ഒന്നാം പ്രതിക്ക് കോടതി കർശന ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല ബീച്ച് ഹാദിരകത്ത് ഹൈദരാലി മകൻ ബുര്‍ഹാനുദീൻ എന്ന പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും തൃശ്ശൂർ മൂന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് അന്യാസ് തയ്യിൽ വിധിച്ചു.
2022 മെയ് 13-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണുത്തി മേൽപ്പാലത്തിന് തെക്കുവശത്തുള്ള സർവീസ് റോഡിലെ ബസ് സ്റ്റോപ്പിന് സമീപം എംഡിഎംഎ കൈവശം വെച്ച് വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ മണ്ണുത്തി പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈയിൽ നിന്ന് 197 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് മണ്ണുത്തി പോലീസ് സബ് ഇൻസ്പെക്ടർ എൻ. പ്രദീപ് കേസ് രജിസ്റ്റർ ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ ശശിധരൻ പിള്ള, സബ് ഇൻസ്പെക്ടർ ജയൻ കെ. എസ്., കെ. പ്രദീപ് കുമാർ എന്നിവർ അന്വേഷണം നടത്തി. അന്വേഷണം പൂർത്തിയാക്കി സർക്കിൾ ഇൻസ്പെക്ടർ എസ്. ഷുക്കൂറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 61 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പോലീസ് ലെയ്സൺ ഓഫീസർ സി. വി. വിനീത് കുമാറാണ് പ്രോസിക്യൂഷനെ സഹായിച്ചത്.
യുവതലമുറയെ നശിപ്പിക്കുന്ന നിരോധിത മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ച കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് എൻഡിപിഎസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. കെ. ഗിരീഷ് മോഹൻ ശക്തമായി വാദിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി കർശന ശിക്ഷ വിധിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.





