India News

കരൂര്‍ ദുരന്തം: വിജയ് പ്രതിയാകാന്‍ സാധ്യത; മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം ഫെബ്രുവരിയില്‍

ന്യൂഡല്‍ഹി: കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയെ പ്രതിചേര്‍ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും. വിജയ്‌ക്കൊപ്പം തമിഴ്‌നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കാനാണ് സാധ്യത.

നിലവില്‍ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. വിജയ്‌ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വിജയ്ക്ക് മുന്‍പാകെ 90 ചോദ്യങ്ങളാണ് സിബിഐ ഉന്നയിച്ചിരുന്നത്. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യുന്നത്.

അതേസമയം വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസ് മൊഴി നല്‍കി. റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന് ടിവികെ അറിയിച്ചില്ല എന്നാണ് പൊലീസ് പറഞ്ഞത്. 30,000ലധികം പേര്‍ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സിബിഐയോട് പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐക്ക് വിട്ടത്. ഒരു സാക്ഷി എന്ന നിലയിലാണ് വിജയ്യെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത് എന്നായിരുന്നു സിബിഐ അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *