Business Kerala News

റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില താഴേക്ക്; പവന് ഒറ്റയടിക്ക് 1680 രൂപ കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില താഴേക്ക്. പവന് ഒറ്റയടിക്ക് 1680 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,13,160 രൂപ. ഗ്രാമിന് 210 രൂപയാണ് കുറഞ്ഞത്. 14,145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഇന്നലെ രണ്ടു തവണകളായി 5480 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 15000 രൂപയിലധികമാണ് വര്‍ധിച്ചത്. രണ്ടുദിവസത്തെ കണക്ക് നോക്കിയാല്‍ ഏകദേശം 8500ലധികം രൂപയാണ് കൂടിയത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *