ഫാവോസിൽ ‘നൂറമ്മ ബിരിയാണി ദർബാർ’ മീറ്റ് ദി ആർട്ടിസ്റ്റ്; ക്വീർ-ട്രാൻസ് ജീവിതങ്ങളുടെ തീക്ഷ്ണ യാഥാർഥ്യങ്ങൾ തുറന്നുവെച്ച് ചർച്ച
ഫാവോസിൽ അരങ്ങേറിയ ‘നൂറമ്മ ബിരിയാണി ദർബാർ’ എന്ന നാടകത്തിന്റെ മീറ്റ് ദി ആർട്ടിസ്റ്റ് പരിപാടി ശക്തമായ ആശയവിനിമയങ്ങളാൽ ശ്രദ്ധേയമായി. സന്ദീപ് കുമാർ മോഡറേറ്ററായ ചർച്ചയിൽ സംവിധായകൻ ശ്രീജിത്ത് സുന്ദരം, എ. രേവതി, ശീതൾ ശ്യാം, അനീഷ്, ജെനി ഭാരതി എന്നിവർ പങ്കെടുത്തു.
ക്വീർ സ്വത്വം തുറന്നുപറഞ്ഞ സംവിധായകൻ ശ്രീജിത്ത് സുന്ദരം, ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പരുക്കൻ യാഥാർഥ്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്തു. ഭിക്ഷാടനവും ലൈംഗിക തൊഴിലുമെല്ലാം സദാചാര കണ്ണിലൂടെ മാത്രം വിലയിരുത്തുന്ന സമീപനത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ഇവ തിരഞ്ഞെടുക്കപ്പെട്ട തൊഴിൽമാർഗങ്ങൾ അല്ല; സാമൂഹിക പുറന്തള്ളലിൽ നിന്ന് രൂപപ്പെടുന്ന നിർബന്ധിത സാഹചര്യങ്ങളുടെ ഫലങ്ങളാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
നടിയായ എ. രേവതിക്കായി നൂറമ്മ ഒരു കഥാപാത്രം മാത്രമല്ല, സ്വന്തം ജീവിതത്തോടുള്ള നേരസാക്ഷ്യം കൂടിയായിരുന്നു. ട്രാൻസ്ജെൻഡർ സമൂഹത്തെക്കുറിച്ച് ഗൗരവത്തോടെ സംസാരിക്കുന്നവരും ഭയമില്ലാതെ കല അവതരിപ്പിക്കാൻ ഇടം നൽകുന്നവരും ഇന്നും വിരളമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
നാടകത്തിന്റെ രാഷ്ട്രീയ വ്യാപ്തി ആദ്യ അവതരണത്തിൽ നിന്ന് ഇന്നുവരെ വളരുകയാണെന്ന് പങ്കെടുത്തവർ വ്യക്തമാക്കി. ഓരോ വേദിയിലും പുതിയ ഘടകങ്ങൾ ചേർക്കപ്പെടുകയും തിരക്കഥ തുടർച്ചയായി നവീകരിക്കപ്പെടുകയും ചെയ്യുന്നു. മുസ്ലിം സ്വത്വം, ഹിജാബ് സംസ്കാരം, മതാചാര വസ്തുക്കൾ എന്നിവയെ ബോധപൂർവ്വം അരങ്ങിലെത്തിച്ചുകൊണ്ട്, ചരിത്രത്തിൽ നിന്ന് തങ്ങളെ മായ്ച്ചുകളയാനുള്ള ശ്രമങ്ങളെ നാടകം പ്രതിരോധിക്കുന്നുവെന്ന് ശീതൾ ശ്യാം പറഞ്ഞു.
‘നൂറമ്മ ബിരിയാണി ദർബാർ’ കേവലം ഒരു നാടകാവതരണം മാത്രമല്ല; ഓർമ്മകളുടെയും പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ‘ദം’ ചേർത്തുവെച്ച, ജീവനുള്ള ഒരു ചരിത്രരേഖയാണെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.





