Kerala News

ജന്തു ക്ഷേമ ദ്വൈവാരാചരണം: തൃശൂരിൽ പുരസ്‌കാര വിതരണവും ബോധവത്കരണ സെമിനാറും

സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ജന്തു ക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ ജന്തു ക്ഷേമ പുരസ്‌കാര വിതരണവും സെമിനാറും നടത്തി. തൃശൂർ കളക്ടറേറ്റ് അനക്സ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. വി. എം. ഹാരിസ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ടി. കെ. സുധീഷ് ഈ വർഷത്തെ ജന്തു ക്ഷേമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന് ലഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്രൂസ് പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് ഏറ്റുവാങ്ങി.

കൂടാതെ ജില്ലയിലെ മികച്ച മൃഗക്ഷേമ പ്രവർത്തകരായ ശ്രീമതി സാലിവർമ്മ, ശ്രീ. സിന്റോ ആന്റണി എന്നിവർക്കും പ്രത്യേക ആദരം നൽകി. സെമിനാറിന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജ് പ്രൊഫസർമാരായ ഡോ. പ്രസാദ് എ, ഡോ. പ്രശാന്ത് സി. ആർ എന്നിവർ “മൃഗ ക്ഷേമ പ്രവർത്തനങ്ങൾ – പ്രായോഗിക സമീപനം”, “പെറ്റ് ഷോപ്പ് നിയമങ്ങൾ” എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡീന ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസർമാരായ ഡോ. സുബിൻ കോലാടി, ഡോ. മഞ്ജു പി. എം, ഡോ. ഷിബു കെ. വി എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ പി. ആർ. ഒ. ഡോ. സുമി ചന്ദ്രൻ പി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *