ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ഫെബ്രുവരി ആറ് മുതൽ ഒൻപത് വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി ആറിന് രാവിലെ 9.30ന് കുന്നംകുളം ജി.എം.ബി.വി.എച്ച്.എസ്.എസ് സ്കൂൾ ഗ്രൗണ്ടിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ്, കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, തുടങ്ങിയവർ പങ്കെടുക്കും.
തൃശൂർ ടൗൺഹാൾ, രാമവർമ്മപുരം വിജ്ഞാൻ സാഗർ, രാമവർമ്മപുരം ജി.യു.പി.എസ് ഹാൾ ഉൾപ്പെടെ എട്ടു വേദികളിലായി കലാമത്സരങ്ങളും, കുന്നംകുളം ജി.എം.ബി.വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, കോർപ്പറേഷൻ സ്റ്റേഡിയം, തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയം, ആരോഗ്യ സർവകലാശാല ഗ്രൗണ്ട് ഉൾപ്പെടെ 14 കേന്ദ്രങ്ങളിലായി കായിക മത്സരങ്ങളും നടക്കും.
ഏകദേശം 1500 കലാ–കായിക പ്രതിഭകൾ മത്സരത്തിൽ മാറ്റുരയ്ക്കും. ഫെബ്രുവരി ഒൻപതിന് വൈകിട്ട് മൂന്നുമണിക്ക് തൃശൂർ ടൗൺഹാളിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ കേരളോത്സവത്തിൻ്റെ സമാപന സമ്മേളനവും സമ്മാനദാനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.കെ സാജിത, പി. എസ് വിനയൻ, ഷീല ജോർജ്, കെ. ആർ മായ ടീച്ചർ, സെക്രട്ടറി ടോബി തോമസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത തുടങ്ങിയവർ പങ്കെടുത്തു.





