തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ആര്‍.എ.എം.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെക്‌നോളജി ക്ലിനിക് സംഘടിപ്പിച്ചു. തൃശ്ശൂര്‍ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ സംഘടിച്ച പരിപാടി ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്. ഷീബ അധ്യക്ഷത വഹിച്ചു.
സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി വഴി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ സംരംഭകര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തില്‍ എന്‍.ഐ.ഐ.എസ്.ടി ചീഫ് സൈന്റിസ്റ്റ് ഡോ. പി. നിഷി, പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. കെ.കെ പ്രവീണ്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു. കാര്യക്ഷമമായ പാക്കേജിംഗിന്റെ പ്രാധാന്യം, പാക്കേജിംഗ് രംഗത്തെ ഏറ്റവും പുത്തന്‍ പ്രവണതകള്‍ എന്ന വിഷയത്തില്‍ കേല ഗ്ലോബല്‍ കൊച്ചി സ്ഥാപക ഉടമ അജിത്ത് കുര്യാക്കോസ് സംരംഭകര്‍ക്ക് ക്ലാസ്സെടുത്തു.
പാക്കിംഗ് ലൈസന്‍സ് നിയമങ്ങളും നടപടിക്രമങ്ങളും എന്ന വിഷയത്തില്‍ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ആര്‍. ജീന സംരംഭകര്‍ക്ക് അവബോധം നല്‍കി. വിവിധ സ്മാര്‍ട്ട് ആന്‍ഡ് സസ്റ്റെയിനബിള്‍ പാക്കേജിംഗ് രീതികള്‍ പാക്ക് മെന്‍ മെഷിനറീസ് മാനേജിംഗ് ഡയറക്ടര്‍ സനില്‍ ആനന്ദ് സംരംഭകര്‍ക്ക് പരിചയപ്പെടുത്തി. സംരംഭകര്‍ക്ക് സംശയനിവാരണത്തിന് ഹെല്‍പ് ഡെസ്‌ക്ക് സംവിധാനവും ഒരുക്കിയിരുന്നു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ ജി. പ്രണാപ്, പി.ആര്‍ സിന്ധു, കെ.ആര്‍. ബിന്ദു, അസിസ്റ്റന്റ് ഡയറക്ടര്‍ യു. വിശാഖ്, ഉപജില്ലാ വ്യവസായ ഓഫീസര്‍ പി.ആര്‍. മിനി എന്നിവര്‍ സംസാരിച്ചു. 85 സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു.





