ലണ്ടൻ: മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്‌കാർബുദവും (ബ്രെയിൻ കാൻസർ) തമ്മിൽ ബന്ധമുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. വർഷങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്ക് ആശ്വാസം നൽകുന്നതാണ് പഠനഫലം.
റേഡിയോ, വൈ-ഫൈ, സാറ്റ്ലൈറ്റ് നാവിഗേഷൻ, മൊബൈൽ ഫോൺ ആശയവിനിമയം എന്നിവ പ്രവർത്തിക്കുന്നത് റേഡിയോ തരംഗങ്ങളുൾപ്പെടെയുള്ള വൈദ്യുതകാന്തിക (Electromagnetic) തരംഗങ്ങളിലൂടെയാണ്. ഇവ കുറഞ്ഞ ഊർജമുള്ള, ദീർഘ തരംഗദൈർഘ്യമുള്ള നോൺ-അയോണൈസിങ് വികിരണ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
എക്‌സ്-റേ പോലുള്ള ഉയർന്ന ഊർജമുള്ള അയോണൈസിങ് വികിരണങ്ങൾ കാൻസറിന് കാരണമാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ, മൊബൈൽ ഫോണുകളിൽ നിന്നുള്ള റേഡിയോ തരംഗങ്ങളും ആരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്ക വർഷങ്ങളായി നിലനിന്നിരുന്നു.
എന്നാൽ ഏറ്റവും പുതിയ പഠനത്തിൽ, മൊബൈൽ ഫോൺ ഉപയോഗം മസ്തിഷ്‌കാർബുദ സാധ്യത വർധിപ്പിക്കുന്നുതിന് തെളിവില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൊബൈൽ ഫോണുകളിൽ നിന്ന് പുറപ്പെടുന്ന റേഡിയോ ഫ്രീക്വൻസി വികിരണവും ബ്രെയിൻ ട്യൂമർ സാധ്യതയും തമ്മിൽ ബന്ധമില്ലെന്ന മുൻകാല ശാസ്ത്രീയ കണ്ടെത്തലുകളെ ഈ പഠനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് ഗവേഷകർ വ്യക്തമാക്കി.
അതേസമയം, വയർലെസ് സാങ്കേതികവിദ്യകൾ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച ഗവേഷണങ്ങളും ആരോഗ്യനിരീക്ഷണവും തുടരുമെന്നും ഗവേഷകർ അറിയിച്ചു.





