തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കുമ്പോള്‍, ശബരിമല സ്വര്‍ണക്കൊള്ള വിവാദവും തന്ത്രിയുടെ അറസ്റ്റും സഭയില്‍ കനത്ത രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കും. ചോദ്യോത്തരവേള മുതല്‍ തന്നെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ശബരിമല സ്വര്‍ണക്കൊള്ള വിവാദം ഉയർത്തി ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ് പ്രതിപക്ഷം. തന്ത്രിയുടെ അറസ്റ്റ് ഉള്‍പ്പെടെ കേസിലെ മിക്ക പ്രതികള്‍ക്കും ലഭിച്ച സ്വാഭാവിക ജാമ്യം സഭയില്‍ ചർച്ചാവിഷയമാക്കാനും പ്രതിപക്ഷം തയ്യാറെടുക്കുന്നു. ഇതോടെ സഭയില്‍ ഇന്ന് കടുത്ത വാക്കേറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഇന്നത്തെ അജണ്ടയില്‍ പ്രധാനമായും നേറ്റിവിറ്റി ബില്‍ ഉള്‍പ്പെടുന്നു. ബില്‍ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടാനാണ് തീരുമാനം. മാര്‍ച്ച് 26 വരെ സമ്മേളനം നീളുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം നേരത്തെ ഗില്ലറ്റിന്‍ ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഭരണ-പ്രതിപക്ഷ യുവജന സംഘടനകള്‍ സംസ്ഥാനത്ത് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സൂചന. ഇതിനെ തുടര്‍ന്ന് നിയമസഭാ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പുതുയുഗ യാത്രയില്‍ പങ്കെടുക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നത്തെ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന സൂചനയും ലഭിക്കുന്നു.





