Entertainment News

‘വിറോഷി’ന് പ്രണയസാഫല്യം; ഉദയ്പൂരിൽ വിജയ്–രശ്മിക വിവാഹിതരായി

ഉദയ്പൂർ: ഗോസിപ്പുകൾക്കും ആരാധകരുടെ നീണ്ട കാത്തിരിപ്പിനും വിരാമമിട്ട് തെന്നിന്ത്യൻ പ്രിയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഐടിസി മെമെന്റോസ് റിസോർട്ടിൽ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു ചടങ്ങുകൾ. ആരാധകർ സ്നേഹത്തോടെ ‘വിറോഷ്’ എന്ന് വിളിക്കുന്ന താരങ്ങൾ . ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിരിഞ്ഞ പ്രണയം. അതീവ സുരക്ഷാ വലയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 230 പേർ മാത്രമാണ് പങ്കെടുത്തത്. രാവിലെ വിജയ്‌യുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം നടന്നു; വൈകുന്നേരം രശ്മികയുടെ പാരമ്പര്യമായ ‘കൊഡവ’ ചടങ്ങുകളും നടക്കും.

ആഡംബരത്തിന് പകരം പ്രകൃതിയോട് ചേർന്ന ‘മിനിമലിസ്റ്റിക് ബോഹോ’ തീമിലാണ് വേദി അലങ്കരിച്ചത്. മൃഗസ്നേഹികളായ താരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നായക്കുട്ടികളെയും ആഘോഷത്തിന്റെ ഭാഗമാക്കി. വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിനോദപരിപാടികൾക്ക് ‘വിറോഷ് പ്രീമിയർ ലീഗ്’ എന്ന പേരായിരുന്നു. ചടങ്ങുകളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വർഷങ്ങളോളം തങ്ങളുടെ പ്രണയത്തെ പിന്തുണച്ച ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ‘വിറോഷ്’ ദമ്പതികൾ വിവാഹജീവിതത്തിലേക്ക് കടന്നത്. വിവാഹചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *