Kerala News

മൂന്നാറിലും കോന്നിയിലും ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക; സംസ്ഥാനത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (യു.വി.) വികിരണതോത് ഉയരുന്ന സാഹചര്യത്തിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മൂന്നാർ, കോന്നി ഉൾപ്പെടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം ഇവിടങ്ങളിൽ യു.വി. ഇൻഡക്സ് 8 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കൊട്ടാരക്കര (കൊല്ലം), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), ഒല്ലൂർ (തൃശ്ശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ സൂര്യപ്രകാശം ശക്തമായ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുകയും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു.

ദീർഘസമയം യു.വി. രശ്മികൾ ശരീരത്തിൽ നേരിട്ട് പതിക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രപ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. യു.വി. സൂചിക 6–7 വരെയാണെങ്കിൽ യെല്ലോ അലർട്ട്, 8–10 വരെയാണെങ്കിൽ ഓറഞ്ച് അലർട്ട്, 11-ന് മുകളിലായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നാണ് മാനദണ്ഡം. നിലവിലെ സാഹചര്യത്തിൽ കുട, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുകയും ഉച്ചസമയത്തെ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *