ഭുവനേശ്വർ: ഒഡീഷയിൽ ഇന്ധനക്ഷാമത്തെ തുടർന്നുള്ള ആശങ്ക വ്യാപകമായതോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലായി. പെട്രോൾ, ഡീസൽ ലഭ്യത കുറവായതോടെ ദിവസ വേതന തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരെയാണ് ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പല ജില്ലകളിലും പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട നിരകളാണ് രൂപപ്പെട്ടത്. ഇന്ധനം ലഭിക്കുമോയെന്ന ആശങ്കയിൽ ആളുകൾ വലിയ തോതിൽ വാങ്ങിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി.
എന്നാൽ സംസ്ഥാനത്ത് യഥാർത്ഥ ഇന്ധനക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കി. ജനങ്ങളുടെ പാനിക് ബയിംഗാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പെട്ടെന്ന് ഉണ്ടായ ആവശ്യത്തിന് അനുസരിച്ച് വിതരണ ശൃംഖല ക്രമീകരിക്കാൻ സാധിക്കാത്തതാണ് താൽക്കാലിക തടസ്സത്തിന് കാരണമായതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. സാധാരണ നില പുനഃസ്ഥാപിക്കാൻ എണ്ണക്കമ്പനികൾ അധികസമയം പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത 48 മണിക്കൂറിനുള്ളിൽ, തിങ്കളാഴ്ചയ്ക്കകം സ്ഥിതി സാധാരണ നിലയിലാകുമെന്ന് സർക്കാർ ഉറപ്പുനൽകി. അനാവശ്യമായി ഇന്ധനം ശേഖരിക്കരുതെന്നും ജനങ്ങളോട് സർക്കാർ അഭ്യർത്ഥിച്ചു.





