ന്യൂഡൽഹി: ഈ വർഷത്തെ സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് 3ന് സംഭവിക്കും. പടിഞ്ഞാറേയറ്റത്തുള്ള ചില പ്രദേശങ്ങൾ ഒഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.
കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കൻ മേഖലകൾ എന്നിവിടങ്ങളിൽ ഗ്രഹണം വ്യക്തമായി കാണാനാകും. ആകാശത്ത് വിസ്മയം തീർക്കുന്ന ഈ ഗ്രഹണം ഏകദേശം 3 മണിക്കൂർ 27 മിനിറ്റ് നീണ്ടുനിൽക്കും.
വൈകീട്ട് 3.20 മുതൽ 6.48 വരെയാണ് ഗ്രഹണ സമയം. ഇതിൽ 4.34 മുതൽ 5.33 വരെ ആയിരിക്കും സമ്പൂർണ ഘട്ടം — ചന്ദ്രൻ പൂർണമായി ഭൂമിയുടെ നിഴലിൽ മങ്ങിയ ചുവപ്പുനിറത്തിൽ പ്രത്യക്ഷപ്പെടുന്ന അത്ഭുത നിമിഷം.





