തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സംരംഭ സൗഹൃദ നിർമ്മല കേരളം 2026’ പദ്ധതിയുടെ ഭാഗമായി വിവിധ നവീന പദ്ധതികൾക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. ബോർഡിന്റെ അനുമതികളുടെ ഓട്ടോ റിന്യൂവൽ സംവിധാനം, തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിന്റെ നവീകരണം, സംസ്ഥാനതല പ്രകാശ മലിനീകരണ നയരൂപീകരണ ശിൽപ്പശാല, ‘ഇക്കോ ആൾട്ടർനേറ്റീവ്‌സ് ടു പ്ലാസ്റ്റിക് എക്‌സ്‌പോ’ എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഓൺലൈനായി നിർവഹിച്ചു. പരിസ്ഥിതിയും വികസനവും കൈകോർക്കുന്ന സുസ്ഥിര കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നടപടികൾ ലളിതമാക്കുന്ന ഓട്ടോ റിന്യൂവൽ സംവിധാനം സംസ്ഥാനത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നയത്തിലെ പ്രധാന മുന്നേറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹാർദ്ദ ബദൽ വസ്തുക്കൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന എക്‌സ്‌പോയും, പ്രകാശ മലിനീകരണം നിയന്ത്രിക്കാൻ സമഗ്ര നയം രൂപീകരിക്കുന്ന ശിൽപ്പശാലയും പരിസ്ഥിതി സംരക്ഷണ രംഗത്ത് നിർണായക ചുവടുവയ്പ്പാണെന്ന് വിലയിരുത്തി. ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, ധനമന്ത്രി കെ. എൻ. ബാലഗോപാൽ എന്നിവർ ഓൺലൈനായി പങ്കെടുത്തു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ ശ്രീകല എസ് സ്വാഗതം ആശംസിക്കുകയും മെമ്പർ സെക്രട്ടറി ഡോ. രതീഷ് മേനോൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.





