ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ലോകത്താകമാനം ഇതുവരെ 500 മില്യൺ ആരാധകരാണ് ടൂർണമെന്റ് വീക്ഷിച്ചതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കാഴ്ചക്കാരുടെ കണക്കാണിതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജയ് ഷാ വ്യക്തമാക്കി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വൻ വളർച്ചയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം എന്നാണ് വിലയിരുത്തൽ.
ജിയോ ഹോട്‌സ്റ്റാർ വഴി മാത്രം 60.5 മില്യൺ ആളുകളാണ് മത്സരങ്ങൾ കണ്ടത്. ഇന്ത്യ–പാകിസ്ഥാൻ പോരാട്ടം ഡിജിറ്റൽ ലൈവ് കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. സെമി ഫൈനലും ഫൈനലും ഇനി ബാക്കിയുള്ള സാഹചര്യത്തിൽ കാഴ്ചക്കാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ന് കൊൽക്കത്തയിലെ ഇൗഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ആദ്യ സെമിയിൽ ഏറ്റുമുട്ടും. രണ്ടാം സെമയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം.





