Kerala News

മലയാളം ഇനി ഭരണഭാഷ: സമഗ്ര ഭാഷാ ബില്ലിൽ ഗവർണർ ഒപ്പുവച്ചു

തിരുവനന്തപുരം: മലയാളം ഭരണഭാഷയാക്കുന്ന സമഗ്ര മലയാള ഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പുവെച്ചു. ഇതോടെ ബിൽ ഉടൻ സംസ്ഥാനത്ത് നിയമമായി പ്രാബല്യത്തിൽ വരും. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ മലയാളത്തിൽ ലഭ്യമാക്കൽ, സർവകലാശാല പാഠ്യപദ്ധതികളിൽ മലയാളം നിർബന്ധമാക്കൽ തുടങ്ങിയ നിർണായക വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ഈ നിയമം. 1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന് പകരം സമഗ്രമായ മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം പഠനം നിർബന്ധമാകും. സർവകലാശാലകളിൽ മലയാളം ഒരു നിർബന്ധിത പേപ്പറായി ഉൾപ്പെടുത്തുകയും പി.എസ്.സി പരീക്ഷകൾ മലയാളത്തിലേക്ക് മാറ്റുകയും ചെയ്യും. ചില പ്രത്യേക പരീക്ഷകൾക്ക് മാത്രമേ മറ്റ് ഭാഷകൾ ഉപയോഗിക്കൂ. അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾക്കുമെല്ലാം നിയമം ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു. ഭാഷാ-സംസ്‌കാര സംരക്ഷണത്തിനും ഭരണ സംവിധാനത്തിൽ ജനസൗഹൃദത്വം ഉറപ്പാക്കുന്നതിനുമുള്ള നിർണായക ചുവടുവയ്പ്പായാണ് ഈ നിയമത്തെ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *