തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടു വയസ്സുകാരന്‍ മരിച്ചതില്‍ റിപ്പോര്‍ട്ട് തേടി ഡിഎംഒ. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനോടാണ് ഡിഎംഒ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. എട്ട് വയസുകാരന്‍ ദിക്ഷിലിനെ ആദ്യം കൊണ്ടുവന്നത് ഈ ആശുപത്രിയിലേക്കായിരുന്നു. കുട്ടിക്ക് ആശുപത്രി അധികൃതര്‍ വേണ്ടത്ര ചികിത്സ ലഭ്യമാക്കിയില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
ചിറയിന്‍കീഴ് സ്വദേശികളായ ദിലീപിൻ്റെയും അനുവിൻ്റെയും മകനാണ് ദിക്ഷില്‍. അച്ഛമ്മക്കൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു കുട്ടിയെ പാമ്പ് കടിച്ചത്. ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് കുട്ടി എന്തോ കടിച്ചെന്ന് വീട്ടുകാരോട് പറയുകയും ഇതേ തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ കുട്ടിയ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് കുട്ടി മരണപ്പെട്ടത്. കുട്ടിയെ ആദ്യം എത്തിച്ച ചിറയിന്‍കീഴ് ആശുപത്രിയില്‍ നിന്നും നല്ല പരിചരണം ലഭ്യമായില്ലെന്നാണ് പരാതി. സംഭവത്തിന് ശേഷം നാട്ടുകാര്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തല്ലിക്കൊന്നു.





