ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഞ്ച് ഇരട്ടി വേഗത്തില്‍ ട്രെയിൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയച്ചത്. 40 വര്‍ഷം പഴക്കമുള്ള നിലവിലെ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം പൂര്‍ണമായും മാറ്റി പകരം പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം. പുതിയ രീതി നടപ്പിലാകുന്നതോടെ ബുക്കിംഗ് കൗണ്ടറുകളില്‍ വേഗത്തില്‍ ടിക്കറ്റ് നല്‍കാനും അതുവഴി തിരക്ക് നിയന്ത്രിക്കാനും കഴിയും. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
പുതിയ സംവിധാനം വരുന്നതോടെ ടിക്കറ്റ് റിസര്‍വേഷനില്‍ നടക്കുന്ന തട്ടിപ്പുകളും ഇടനിലക്കാരുടെ ഇടപെടലുകളും തടയാനാകും. തത്ക്കാല്‍ ടിക്കറ്റുകള്‍ ഇടനിലക്കാരിലേക്കെത്തുന്നത് ഒഴിവാക്കാനാണ് നീക്കം. പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം നടപ്പാക്കുന്നതിനായി ഏകദേശം 1,000 കോടി രൂപയാകും. ഏകദേശം 2.5 കോടി ജനങ്ങള്‍ ദിവസവും യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് പുതിയ മാറ്റമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഓണ്‍ലൈനായും കൗണ്ടറുകളിലൂടെയും വളരെ എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇപ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് അതോടെ അറുതിയാകുമെന്നും അധികൃതര്‍ പറഞ്ഞു. വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഓരോ യാത്രക്കാരനും കണ്‍ഫേംഡ് ടിക്കറ്റ് ലഭിക്കുന്ന രീതിയിലേക്ക് സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.





