Agriculture International

ഇന്ന് ലോക കാലാവസ്ഥാ ദിനം: നാളെയുടെ സുരക്ഷയ്ക്കായി ഇന്നത്തെ നിരീക്ഷണം

എം.എ സുധീർ ബാബു പട്ടാമ്പി (കൃഷി മാധ്യമ വിദഗ്ധൻ)

ഭൂമിയുടെ ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ശാസ്ത്രീയമായ നിരീക്ഷണവും മുൻകരുതലും അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് 2026 മാർച്ച് 23 തിങ്കളാഴ്ച ലോകം കാലാവസ്ഥാ ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെയും ലോക കാലാവസ്ഥാ സംഘടനയുടെയും (WMO) നേതൃത്വത്തിൽ നടക്കുന്ന ഈ ദിനാചരണത്തിന് ഇത്തവണ ഏറെ പ്രസക്തിയുണ്ട്. “ഇന്ന് നിരീക്ഷണം, നാളെ സംരക്ഷണം” (Observing today, Protecting tomorrow) എന്നതാണ് ഈ വർഷത്തെ സന്ദേശം. കൃത്യതയാർന്ന കാലാവസ്ഥാ നിരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ ആധുനിക സാങ്കേതികവിദ്യകളായ കൃത്രിമബുദ്ധി (AI), ഉപഗ്രഹവിദ്യ, അഡ്വാൻസ്ഡ് ഡോപ്ലർ റഡാർ എന്നിവയുമായി സമന്വയിപ്പിക്കുമ്പോൾ പ്രകൃതിദുരന്തങ്ങളുടെ ആഘാതം ഗണ്യമായി കുറയ്ക്കാൻ നമുക്ക് സാധിക്കും.

കാലാവസ്ഥാ വ്യതിയാനം മൂലം ആഗോളതലത്തിൽ ഏകദേശം 4.3 ട്രില്യൺ ഡോളറിൻ്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നത്. ഈ സാഹചര്യത്തിൽ ഉഷ്ണതരംഗം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാനും ജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകാനും ശാസ്ത്രീയമായ ഡാറ്റാ ശേഖരണം സഹായിക്കുന്നു. ഇന്ത്യൻ മീറ്ററോളജിക്കൽ ഡിപ്പാർട്മെൻ്റ് (IMD) ഇത്തരം ആഗോള ഏജൻസികളുമായി ചേർന്ന് താപ ആഘാത നിയന്ത്രണ പ്രവർത്തനങ്ങളും മൺസൂൺ പ്രവചന പരിപാടികളും ശക്തമാക്കിവരികയാണ്. കൃഷിനാശം ഒഴിവാക്കാനും ‘ക്ലൈമറ്റ് സ്മാർട്ട്’ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനും ഈ വിവരങ്ങൾ കർഷകർക്ക് വലിയ കരുത്താവുന്നു.

ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധനവ് കുറയ്ക്കാനും ആഗോളതാപനം നിയന്ത്രിക്കാനും ഓരോ വ്യക്തിക്കും പങ്കുണ്ട്. വായുവിലെ കാർബൺ ആഗിരണം ചെയ്യാൻ മണ്ണിലും മരങ്ങളിലും അവ സംഭരിക്കപ്പെടണം. ഇതിനായി തരിശുനിലങ്ങളിൽ മുളകൾ നട്ടുപിടിപ്പിക്കുന്നത് പോലുള്ള പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ നാം ഏറ്റെടുക്കേണ്ടതുണ്ട്.

“ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ” എന്ന ഗൗരവമേറിയ ചോദ്യം വർത്തമാനകാലം നമ്മോട് ചോദിക്കുമ്പോൾ, വരുംതലമുറയ്ക്കായി ഭൂമിയെ കരുതിവെക്കാൻ നമുക്ക് ഇന്നേ നിരീക്ഷണം തുടങ്ങാം, നാളെയെ സുരക്ഷിതമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *