കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് നാല് ദിവസത്തെ തിരച്ചിലിന് ശേഷം കണ്ടെത്താനായത്.
കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള തടിയന്‍ഡമോള്‍ കൊടുമുടിയിലേക്ക് ട്രക്കിങ്ങിനായി പോയതായിരുന്നു. ആന ശല്യമുള്ളതിനാല്‍ ട്രക്കിങ്ങിന് അനുവദിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചതോടെ യാവകപ്പാടിയിലുള്ള ഹോം സ്‌റ്റോയില്‍ ശരണ്യ മുറിയെടുത്തെങ്കിലും പിന്നീട് വനം വകുപ്പിന്റെ അനുമതി ലഭിച്ചതോടെ ട്രക്കിങ് ആരംഭിക്കുകയായിരുന്നു.
പത്തംഗ സംഘത്തോടൊപ്പം ഏപ്രില്‍ 2നാണ് ശരണ്യ ട്രക്കിങ് ആരംഭിച്ചത്. വനത്തിനുള്ളില്‍ വെച്ച് വഴി തെറ്റിയതോടെ ഹോം സ്‌റ്റേയിലേക്ക് മെസേജ് അയച്ചെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഇതോടെ ലൊക്കേഷനും കണ്ടെത്താനായില്ല. വെല്ലുവിളികള്‍ക്കിടയിലും തെരച്ചില്‍ തുടര്‍ന്നെങ്കിലും ശരണ്യയെ കണ്ടെത്താനായിരുന്നില്ല. മടിക്കേരി മെഡിക്കല്‍ കോളേജില്‍ ശരണ്യ സുരക്ഷിതയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.





