
എത്ര ശ്രമിച്ചിട്ടും നിൻ്റെ ഓർമ്മകൾ മായുന്നില്ല. പല ദിവസങ്ങളിലും നിൻ്റെ രൂപം സ്വപ്നത്തിലെത്തുന്നുണ്ട്. എല്ലാം മരണത്തിന് വിധേയമാണെന്ന് അറിയാം. പക്ഷെ ഓർമ്മകൾക്കു പലപ്പോഴും മരണമില്ല. ചില ഓർമ്മകൾ തലമുറകളിൽ നിന്നും തലമുറകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും.
കൊടും ചൂടിൽ മുങ്ങി നിന്ന ഇപ്പോഴത്തെ നിയമസഭാ തെരത്തെടുപ്പ് മുമ്പ് നമ്മൾ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു. പത്രങ്ങളും ടി വി യും സോഷ്യൽ മീഡിയയുമെല്ലാം അരങ്ങുതകർത്ത് ആവേശം ജ്വലിപ്പിച്ചു പലേടത്തും വാദ്യ ഘോഷങ്ങളോടെ പ്രചാരണ ജാഥകൾ പോകുമ്പോഴും ആയിരങ്ങൾ പങ്കെടുത്ത പൊതുയോഗങ്ങൾ നടക്കുമ്പോഴുo നമ്മൾ എത്ര വർഷങ്ങളായി കവർ ചെയ്ത ഇലക്ഷൻ ഓർമ്മകളുമായി അറിയാതെ നിന്നെ ഓർത്തു പോയിട്ടുണ്ട്.
മാനത്ത് പറന്നു നടന്ന ഒരു ചെമ്പരുന്തു ചിറകറ്റ് ഭൂമിയിൽ വീണു കിടന്നതുപോലെ മുണ്ടും നേരിയതും തലപ്പാവും ധരിച്ച് അന്ത്യ യാത്രക്ക് തയ്യാറായി, പ്രസ് ക്ലബ്ബിൽ കിടന്ന നിൻ്റെ രൂപം പലപ്പോഴും മറന്നുപോകുന്നു. മാതൃഭൂമിയിൽ ചേരുന്നതിനു മുമ്പും അതിനു ശേഷവും എത്രയോ തെരത്തെടുപ്പുകൾ നമ്മൾ കവർ ചെയ്തു. ഏപ്രിൽ 9ന് നടന്ന തെരത്തെടുപ്പുഫലം അറിയാൻ മേയ് നാലു വരെ ഇനി കാത്തിരിക്കണം. ആരാണ് ഇനി കേരളത്തെ നയിക്കുന്നതെന്ന് അന്നേ അറിയു. പിണറായിയോ, സതീശനോ, രമേശോ, കെ.സി യോ ആരായിരിക്കുമെന്ന് ആർക്ക് അറിയാം. ശേഖരാ ഒരിക്കൽ ഒരു ചടങ്ങിന് എഡിജിപി ശ്രീലേഖ മുഖ്യ അതിഥിയായി മാതൃഭൂമിയിൽ എത്തിയത് ഓർമ്മയുണ്ടോ? അന്ന് നിന്നെ സഹോദര തുല്ല്യമാണെന്നാണ് അവർ നിന്നെ വിശേഷിപ്പിച്ചത്. ശ്രീലേഖ ഇപ്പോൾ ഇപ്പോൾ രാഷ്ട്രിയക്കാരിയാണെന്ന് നീ അറിഞ്ഞോ? ബി.ജെ . പി ശാസ്തമംഗലം കൗൺസിലർ മാത്രമല്ല വട്ടിയൂർക്കാവ് നിയമസഭയിലേക്ക് ബി.ജെ . പി സ്ഥാനാർഥിയായി അവർ മത്സരിക്കുന്നു.

മുൻ എംഎൽഎ കെ മുരളിധരനുo, സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്തും (CPM) ഉം ആണ് മറ്റ് പ്രധാന സ്ഥാനാർഥികൾ. നമ്മുടെ ശാന്തിനഗർ ഓഫീസിൽ പി.സി സുകുമാരൻനായർ സാറിനെ കാണാൻ ഒരു പെൺകുട്ടി മദ്രാസ് DGP യുടെ കത്തുമായി വന്നത് ഓർമ്മയുണ്ടോ? പി. ആർ വാര്യർ സാറാണ് പി.സി യുടെ മുറി ചുണ്ടികാണിച്ചുകൊടുത്തത്. അത് പ്രശസ്ത പത്രപ്രവർത്തകയായ അനിതാ പ്രതാപ് ആയിരുന്നു. സൺഡേയുടെ സതേൺ ലേഖകയായിരുന്നു അനിതാ പ്രതാപ്. അവർ വന്നത് ഇന്ത്യ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച വിദ്യാർഥികളുടെ റാഗിങ് വാർത്ത റിപ്പോർട്ട് ചെയ്യാനായിരുന്നു.
അക്കാലത്ത് തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ പഠിച്ചിരുന്ന പണക്കാരുടെ മക്കളായ വിദ്യാർഥികൾ മറ്റ് വിദ്യാർഥികളെ ക്രൂരമായി റാഗിങ് നടത്തി. എസ് എഫ് ഐയും കെ എസ് യുവും എല്ലാ ഇതിന് എതിരായിരുന്നു. എന്നാൽ കോടതി കുറ്റക്കാരെ വെറുതേവിട്ടു. ഇതിനെതിരെ ആളുകൾക്ക് പ്രതിഷേധം ഉണ്ടായിയെങ്കിലും ആരും പ്രതികരിച്ചില്ല.കോടതിയിൽ നിന്നും പുറത്തിറങ്ങിയ റാഗിംങ് വീരന്മാരെ എസ് എഫ് ഐയുടെ നേതാവ് വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മർദിച്ചു. ഈ സംഭവം റിപ്പോർട്ടുചെയ്യാനാണ് അനിത എത്തിയത്. എസ് എഫ് ഐ നേതാക്കളെ പരിചയപ്പെടുത്തി, കൊടുക്കാനാണ് മദ്രാസ് ഡി.ജി.പി യുടെ PC ക്കുള്ള കത്ത്.
പി.സി ഇതിന് എന്നെയാണ് ചുമതലപ്പെടുത്തിയത്. അനിതയുടെ കാറിൽ എം എൽ എക്വാർട്ടേഴ്‌സിലെത്തി. ശിവൻകുട്ടി അസുഖമായി കിടക്കുകയായിരുന്നു. പക്ഷെ മറ്റൊരു നേതാവായ പി.സി ജോൺ ഉണ്ടായിരുന്നു. ഇംഗ്ലീഷിൽ അദ്ദേഹം എല്ലാ കാര്യങ്ങളും വിവരിച്ചു കൊടുത്തു. ജോണിനെ അഭിനന്ദിച്ചശേഷമാണ് അനിതാ അവിടെ നിന്ന് പോയത്. ശേഖരാ ഒന്നിച്ചു നിന്ന ആ ശിവൻകുട്ടിയും ജോണും ഇന്ന് രണ്ടു ചേരിയിലാണു. സി എം പി നേതാവ് ജോൺ യു ഡി എഫ് കൊടികീഴിൽ തിരുവന്തപുരത്തു നിന്നും സിപി എം സ്ഥാനാർഥിയും എം എൽ . എ യും ആയ വി.ശിവൻകുട്ടി നേമത്തു നിന്നും മത്സരിക്കുന്നു. ഇനിയെല്ലാം പിന്നെ എഴുതാം. സസ്നേഹം മലയിൻകീഴ് ഗോപാലകൃഷ്ണൻ.




