തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവിനെ തുടർന്ന് മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയയുടെ വിവരങ്ങൾ അടങ്ങിയ ബാൻഡ് കയ്യിൽ ധരിപ്പിക്കണമെന്നതാണ് മാർഗനിർദേശത്തിലെ പ്രധാന ഉദ്യമം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗം ഉണ്ടെന്ന് പരാതിയെ തുടർന്ന് ഫോൺ ഉപയോഗവും നിർത്തലാക്കി. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ മാർഗ്ഗനിർദേശം ബാധകമായിരിക്കും.
ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തീകരിച്ചിരിക്ക ണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ അത് വായിച്ച് വ്യക്തത വരുത്തി ഒപ്പ് വെച്ചാൽ മാത്രമേ ഇനി തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാനാവൂ.
ശസ്ത്രക്രിയ ഉപകരണങ്ങൾ, സർജറി കഴിഞ്ഞു നശിപ്പിക്കേണ്ട വസ്തുക്കൾ എന്നിവയുടെ കണക്ക് കൃത്യമായി രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തുകയും, ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറുകയും വേണം. മാർഗ്ഗനിർദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാൻ കഴിയില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.





