കൂച്ച് ബീഹാർ/സിലിഗുരി: വനിതാ സംവരണ നിയമം നടപ്പാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ പരാജയപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂലമാണെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്.
പ്രതിപക്ഷം വനിതാ സംവരണ ബില്ലിനെ എതിർത്തിട്ടില്ലെന്നും, അതുമായി ബന്ധിപ്പിച്ച മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) ബിൽ മാത്രമാണ് എതിർത്തതെന്നും ഖാർഗെ വ്യക്തമാക്കി. ബില്ലുകളുടെ കൈകാര്യം ചെയ്യലിൽ കേന്ദ്രം വീഴ്ച വരുത്തിയതുകൊണ്ടാണ് പരാജയമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി സംസ്ഥാനത്ത് വ്യാപകമായി പ്രചാരണത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ചും ഖാർഗെ പരിഹസിച്ചു. സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാകാനാണോ മോദി ഇങ്ങനെ വ്യാപക പ്രചാരണത്തിൽ പങ്കെടുക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, ഔദ്യോഗിക ചുമതലകൾ അവഗണിച്ചുകൊണ്ടാണ് പ്രചാരണം തുടരുന്നതെന്നും വിമർശിച്ചു.





