Culture India News Politics

വടക്കുകിഴക്കൻ സംസ്ഥാന കരകൗശല-നെയ്ത്ത് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കരകൗശല തൊഴിലാളികളുമായും നെയ്ത്തുകാരുമായും കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൌപതി മുർമു. രാഷ്ട്രപതി ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. രാജ്യത്തിൻ്റെ ജീവിച്ചിരിക്കുന്ന പൈതൃകങ്ങളിൽ മികച്ച ഉദാഹരണമാണ് ഇവരെന്ന് രാഷ്ട്രപതി പറഞ്ഞു.

ഈ വർഷം ജനുവരി 26ന് രാഷ്ട്രപതി ഭവനിൽ നടന്ന ‘അറ്റ് ഹോം’ സ്വീകരണച്ചടങ്ങിനായുള്ള ക്ഷണക്കിറ്റുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃക പ്രദർശനവും ഒരുക്കുന്നതിൽ പങ്കെടുത്തവരാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്.

നാഗാലാൻ്റിലെ കരകൗശല തൊഴിലാളികൾ വാഴനാരും മുളയും ഉപയോഗിച്ച് കൊട്ടകൾ നിർമിച്ചപ്പോൾ അസമിലെ നെയ്ത്തുകാർ ഷാളുകളാണ് തയ്യാറാക്കിയത്. മണിപ്പൂരിലെ കലാകാരൻമാർ ബ്ലാക്ക് പോട്ടറി നിർമിക്കുകയും സിക്കിമിലെ കലാകാരൻമാർ പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ച ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

മിസോറാം, ത്രിപുര, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കരകൗശല-നെയ്ത്ത് മേഖലയെ കൂടുതൽ ആളുകളിലെത്തിക്കുന്നതിനും കലാകാരൻമാർ സ്വയംപര്യാപ്തരാകുന്നതിനും പിന്തുണ നൽകേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പാരമ്പര്യ കലാരൂപങ്ങൾ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറണമെന്നും രാഷ്ട്രപതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *