യുവാക്കളിൽ വായനാശീലം കുറഞ്ഞുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സമൂഹത്തിൽ വായനയും പഠനവും വീണ്ടും ശക്തിപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ദി ലൈബ്രറി മാൻ ഓഫ് ഇന്ത്യ: ദി സ്റ്റോറി ഓഫ് പിഎൻ പണിക്കർ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിപി സത്യൻ രചിച്ച പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് ഉപരാഷ്ട്രപതി ഭവനിൽ വെച്ച് നടന്നു.
കേരളത്തിലെ ലൈബ്രറി-സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പിതാവായി അറിയപ്പെടുന്ന പിഎൻ പണിക്കരെ ഉപരാഷ്ട്രപതി അനുസ്മരിച്ചു. പുസ്തകങ്ങളുടെയും അറിവിൻ്റെയും ശക്തിയിലൂടെ സമൂഹത്തിൽ വലിയ മാറ്റം സൃഷ്ടിച്ച ദർശകനായിരുന്നു പിഎൻ പണിക്കരെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈൽ ഫോണുകളോടും സോഷ്യൽ മീഡിയയോടും യുവാക്കൾ അടിമപ്പെടുന്നത് വഴി ആഴത്തിലുള്ള വായനയും ചിന്താശേഷിയും കുറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “വായന നിർത്തുന്ന സമൂഹം ആഴത്തിൽ ചിന്തിക്കാനുള്ള കഴിവ് പതിയെ നഷ്ടപ്പെടുത്തും,” എന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഡിജിറ്റൽ കാലഘട്ടത്തിൽ ലൈബ്രറികൾ അറിവിൻ്റെയും സൃഷ്ടിപരതയുടെയും കേന്ദ്രങ്ങളായി മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





