ശനിയാഴ്ച നടന്ന തൊഴിൽമേള പരിപാടിയിൽ 51,000ത്തിലധികം യുവാക്കൾക്ക് സർക്കാർ നിയമനപ്പത്രങ്ങൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ യുവാക്കൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഇന്ത്യയുടെ യുവശക്തിയിലും സാങ്കേതിക പുരോഗതിയിലും ലോകത്തിന് വലിയ വിശ്വാസമുണ്ടെന്ന് വ്യക്തമായതായി മോദി പറഞ്ഞു.
സെമികണ്ടക്ടർ, കൃത്രിമ ബുദ്ധി, ഹരിത ഊർജം, കപ്പൽ നിർമാണം, പ്രതിരോധം, ആധുനിക നിർമ്മാണ മേഖലകൾ എന്നിവയിൽ ഇന്ത്യ നിരവധി രാജ്യങ്ങളുമായി കരാറുകൾ ഒപ്പുവെച്ചിട്ടുണ്ടെന്നും ഇത് യുവാക്കൾക്ക് വൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രോണിക്സ് നിർമ്മാണം, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഇന്ത്യ വേഗത്തിൽ മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ ജോലിയിൽ പ്രവേശിക്കുന്ന യുവാക്കൾ ജനങ്ങളോടുള്ള ഉത്തരവാദിത്വബോധത്തോടെയും സേവന മനോഭാവത്തോടെയും പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.




