കോംഗോയിലും ഉഗാണ്ടയിലും റിപ്പോർട്ട് ചെയ്ത എബോള പകർച്ചവ്യാധിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ.
അതേസമയം ആഫ്രിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ ഈ രോഗവ്യാപനത്തെ ഭൂഖണ്ഡതല പൊതുജനാരോഗ്യ സുരക്ഷാ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.
രോഗവ്യാപന സാഹചര്യത്തെ തുടർന്ന് ഇന്ത്യൻ സർക്കാർ കോംഗോ, ഉഗാണ്ട, സൌത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി.
ബുണ്ടിബുഗ്യോ വിഭാഗത്തിൽപ്പെട്ട എബോള വൈറസാണ് രോഗത്തിന് കാരണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഉയർന്ന മരണനിരക്കുള്ള ഗുരുതര വൈറസ് രോഗമാണിത്. ഈ വൈറസ് വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.
ഇതുവരെ ഇന്ത്യയിൽ ബുണ്ടിബുഗ്യോ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ബാധിത രാജ്യങ്ങളിൽ കഴിയുന്നവരും യാത്ര ചെയ്യുന്നവരും പ്രാദേശിക ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.





