Kerala News Politics

സിഎംആർഎൽ കേസ്: സത്യം വിജയിച്ചിരിക്കുകയാണ്, കൂടുതൽ അന്വേഷണത്തിന് ഇഡിക്ക് വഴിതുറന്നു – ഷോൺ ജോർജ്

തൃശൂർ: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കാനോ വിലയ്ക്ക് വാങ്ങാനോ സാധിക്കില്ലെന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇന്നലെ വന്ന കോടതി വിധിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് പറഞ്ഞു.

സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യമായ സമയം പോലും അനുവദിക്കാതെയാണ് വിധി വന്നതെന്നും ഇതോടെ കേസിൽ കൂടുതൽ അന്വേഷണം നടത്താനും ആവശ്യമായ നടപടികളിലേക്ക് കടക്കാനും ഇ.ഡിക്ക് സ്വാതന്ത്ര്യം ലഭിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾക്കെതിരായ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് കേസെന്നും സത്യം വിജയിച്ചിരിക്കുകയാണെന്നും ഷോൺ ജോർജ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര ചട്ടങ്ങൾ പോലും ഇത്തരം സാമ്പത്തിക നേട്ടങ്ങൾ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ലഭിച്ച തുകയ്ക്ക് ജിഎസ്ടി അടച്ചുവെന്നാണ് സിപിഎം നേതാക്കൾ പറയുന്നതെങ്കിലും, സേവനം നൽകാതെ ഇൻവോയ്സ് നൽകിയിട്ടുണ്ടെങ്കിൽ അത് ജിഎസ്ടി നിയമപ്രകാരമുള്ള ഗുരുതര ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

സേവനം നൽകാതെ ഇൻവോയ്സ് നൽകിയതായി തെളിയുകയാണെങ്കിൽ അത് ജിഎസ്ടി തട്ടിപ്പിൻ്റെ പരിധിയിൽ വരുമെന്നും ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ അന്വേഷണം നടത്തി കേസ് എടുക്കാൻ സാധിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.

സിഎംആർഎൽ കേസിലെ യഥാർത്ഥ ഉത്തരവാദിത്തം പിണറായി വിജയന് ആണെന്നും കേസിൻ്റെ അന്വേഷണം എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *