India News

കാൺപൂരിൽ അന്തർദേശീയ വ്യാജ ഡിഗ്രി റാക്കറ്റ് പോലീസ് പിടിയിൽ

കാൺപൂർ: രാജ്യത്തിനകത്തും വിദേശത്തുമായി വ്യാപിച്ചിരുന്ന വ്യാജ ഡിഗ്രി നിർമാണ-വിതരണ ശൃംഖല തകർത്ത് കാൺപൂർ പൊലീസ്. റാക്കറ്റിൻ്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന 32-കാരനുൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കിഡ്വായ് നഗർ, ബെകംഗഞ്ച് മേഖലകളിൽ നടത്തിയ റെയ്ഡിനിടെയാണ് പ്രതികളെ പിടികൂടിയത്. ഒരു താമസകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അത്യാധുനിക അനധികൃത പ്രിൻ്റിങ് കേന്ദ്രവും പൊലീസ് കണ്ടെത്തി.

ഹൈസ്കൂൾ മാർക്ക് ലിസ്റ്റുകൾ മുതൽ പിഎച്ച്ഡി ഡിഗ്രികൾ വരെ വ്യാജമായി നിർമ്മിച്ച് വിവിധ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഇവർ വിതരണം ചെയ്തിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കൊറിയർ സേവനങ്ങളും ഡിജിറ്റൽ ശൃംഖലകളും ഉപയോഗിച്ചായിരുന്നു രേഖകൾ കൈമാറിയിരുന്നത്.

റെയ്ഡിനിടെ വ്യാജ സർട്ടിഫിക്കറ്റുകൾ, പ്രിൻ്റിങ് ഉപകരണങ്ങൾ, കമ്പ്യൂട്ടർ സംവിധാനങ്ങൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. വിദ്യാഭ്യാസ യോഗ്യതാ രേഖകൾ വ്യാജമായി നിർമ്മിച്ച് വൻതോതിൽ വിതരണം ചെയ്തിരുന്ന ശൃംഖലയാണിതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

റാക്കറ്റിൻ്റെ പ്രവർത്തന പരിധി, ഗുണഭോക്താക്കൾ, മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും ബന്ധങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *