ന്യൂഡൽഹി: ജൽ ജീവൻ മിഷൻ 2.0യുടെ ഭാഗമായി ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളുടെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി പരിശീലനം നേടിയ പ്രാദേശിക തൊഴിലാളികളെ സജ്ജമാക്കുന്നതിനുള്ള നൈപുണ്യ പരിശീലനം വേഗത്തിലാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം നിർദേശിച്ചു.
ഗ്രാമീണ ജലവിതരണ മേഖലയിലെ തൊഴിലാളികളുടെ ശേഷി വർധിപ്പിക്കുന്നതിനായി സെപ്റ്റംബർ 1, 2 തീയതികളിൽ നടത്തിയ യോഗത്തിന്റെ തുടർച്ചയായി കുടിവെള്ള-ശുചിത്വ വകുപ്പ് (DDWS) സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ആദ്യ ദേശീയ വെർച്വൽ സമ്മേളനം നടത്തി.
ജൽ ജീവൻ മിഷന്റെ ദീർഘകാല വിജയത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ജലവിതരണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും നിരീക്ഷിക്കാനും പരിശീലനം നേടിയ ജീവനക്കാരുടെ സേവനം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഡിഡിഡബ്ല്യുഎസ് സെക്രട്ടറി അശോക് കെ. കെ. മീണ പറഞ്ഞു.
ഗ്രാമീണ മേഖലകളിലെ ജലവിതരണ അടിസ്ഥാന സൗകര്യങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും പ്രാദേശിക സാങ്കേതിക ശേഷി ശക്തിപ്പെടുത്തുന്നതിനുമാണ് നടപടികൾ ലക്ഷ്യമിടുന്നത്.





