ഇന്ത്യയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന നേട്ടം കൈവരിച്ച സാഹചര്യത്തില്‍ ആശംസകള്‍ നേർന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി സമൂഹത്തിൻ്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ അറിയിച്ച ആശംസകളും പിന്തുണയും തന്നെ ഏറെ സ്പര്‍ശിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ സന്ദേശത്തിനും വ്യക്തിപരമായി മറുപടി നല്‍കാന്‍ സാധിച്ചില്ലെങ്കിലും ലഭിച്ച എല്ലാ ആശംസകളും താന്‍ ഹൃദയപൂര്‍വം സ്വീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരതത്തെ സേവിക്കാനും രാജ്യത്തിൻ്റെ വികസനയാത്രയില്‍ പങ്കാളിയാകാനും ലഭിച്ച അവസരം വലിയ ഭാഗ്യമായി കാണുന്നുവെന്ന് മോദി പറഞ്ഞു. സ്ഥിരത, നല്ല ഭരണനിര്‍വഹണം, വികസനം എന്നിവയ്ക്കായി രാജ്യത്തെ ജനങ്ങള്‍ ആവര്‍ത്തിച്ച് നല്‍കിയ പിന്തുണയാണ് തൻ്റെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വികസിത ഭാരത്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുമായി കൂടുതല്‍ സമര്‍പ്പണബോധത്തോടെയും ദൃഢനിശ്ചയത്തോടെയും പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ആശംസകൾ അറിയിച്ച ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്നുള്ള (എന്‍ഡിഎ) മുഖ്യമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും നന്ദി അറിയിച്ച മോദി, ദേശീയ താല്‍പര്യങ്ങളും പ്രാദേശിക ആഗ്രഹങ്ങളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനുള്ള കൂട്ടായ പ്രതിബദ്ധതയാണ് എന്‍ഡിഎയുടെ യാത്രയെ നയിച്ചതെന്ന് പറഞ്ഞു.
ഈ സഹകരണ മനോഭാവം രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സഹകരണ ഫെഡറലിസത്തിന് കൂടുതല്‍ ആഴം നല്‍കുകയും വികസനത്തിന് വേഗം കൂട്ടുകയും ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 12 വര്‍ഷമായി വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കാന്‍ സ്ഥിരതയുള്ള ഭരണമാണ് എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടം കൈവരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.





