Kerala News Politics

എസ്. രാജേന്ദ്രൻ ആർ.പി.ഐയിലേക്ക്? ഡൽഹിയിൽ അന്തിമ തീരുമാനത്തിന് മുന്നൊരുക്കം


തിരുവനന്തപുരം: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബിജെപി മുന്നണിയിലെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (RPI – അത്താവാല)യിൽ ചേരുമെന്ന് സൂചന. അംബേദ്കറിന്റെ ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഈ പാർട്ടിയിലേക്ക് ചേർക്കുന്നതിന് മുന്നോടിയായി, ആർ.പി.ഐയുടെ കേരള നേതാക്കളുമായുള്ള രണ്ടാമത്തെ ചർച്ചയും വിജയകരമായി പൂർത്തിയാക്കി.

ആലുവ പാലസിലെയും തിരുവനന്തപുരത്തെയും ചർച്ചകൾ വിജയിച്ചതോടെ, രാജേന്ദ്രൻ ഡൽഹിയിലെ കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന്, ഔദ്യോഗികമായി ആർ.പി.ഐയിൽ അംഗത്വം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇടുക്കിയുടെ സമഗ്രവികസനം ഉറപ്പാക്കിയാൽ, എൻ.ഡി.എ സഖ്യത്തിലെ ആർ.പി.ഐയിൽ ചേർക്കാനാണ് രാജേന്ദ്രന്റെ തീരുമാനം.

സിപിഎമ്മിലേക്ക് മടങ്ങില്ല എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ സൂചന. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് രാജേന്ദ്രനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മെമ്പർഷിപ്പ് പുതുക്കാനുള്ള ആലോചന നടന്നിരുന്നുവെന്നും വ്യക്തമാക്കി. എന്നാൽ രാജേന്ദ്രന് താൽപ്പര്യമില്ല. മുൻ മന്ത്രി എം.എം. മണിയോടോ, പാർട്ടിയിലെ മറ്റ് ചില നേതാക്കളോടോ അടുക്കാൻ അവർക്ക് താത്പര്യമില്ല.

ബിജെപിയുമായും അടുത്ത ബന്ധമുള്ള രാജേന്ദ്രൻ നേരിട്ട് ബിജെപിയിലേക്ക് ചേരാൻ താത്പര്യമില്ലാത്തതിനാലാണ്, അംബേദ്കറിന്റെ രാഷ്ട്രീയ ചിന്തകളുമായി അടുത്തുള്ള ആർ.പി.ഐയെ പരിഗണിക്കുന്നത്. ബിജെപി ദേശീയ നേതൃത്വം, പ്രത്യേകിച്ച് പ്രകാശ് ജാവദേക്കർ, രാജേന്ദ്രനെ സുപ്രധാന സുഹൃത്തായി കണക്കാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഡൽഹിയിൽ അത്താവാലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ഔദ്യോഗിക അംഗത്വ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇടുക്കിയിലെ ദളിത്, ആദിവാസി മേഖലകളുടെ വികസനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ, രാജേന്ദ്രൻ എൻ.ഡി.എയിൽ ചേർന്നു പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *