Kerala News

മംഗളവനം മുതൽ ദർബാർ ഹാൾ വരെ സൈലന്റ് സോൺ; വാഹന ഹോൺ നിരോധിക്കും

കൊച്ചി നഗരത്തിലെ മംഗളവനം മുതൽ ദർബാർ ഹാൾ വരെയുള്ള പ്രദേശം സൈലന്റ് സോൺ ആക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. കൊച്ചി കോർപ്പറേഷനുമായി സഹകരിച്ച് തയ്യാറാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പിന് ഉടൻ ആരംഭിക്കാൻ നിർദ്ദേശം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതി, കലാലയങ്ങൾ, ജനറൽ ആശുപത്രി എന്നിവ ഉൾപ്പെടുന്ന ഈ പ്രദേശത്ത് വാഹന ഹോൺ നിരോധിക്കുകയാണ് പ്രധാന ലക്ഷ്യം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും, വെള്ളക്കെട്ട് ഒഴിവാക്കാൻ ഭൂഗർഭ പമ്പുകളും അത്യാധുനിക സംവിധാനങ്ങളും ഉൾക്കൊള്ളുന്ന പുതിയ ഡിസൈൻ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വൈപ്പിനിൽ നിന്നുള്ള ബസുകൾക്ക് എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നതിനുള്ള വിലക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സെക്രട്ടേറിയറ്റിൽ ഉന്നതതല യോഗം ചേരും. എൻഎച്ച് 66 ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അരൂക്കുറ്റി – കൊച്ചി റൂട്ടിൽ പ്രത്യേക ബോട്ട് സർവീസ് ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *