India News Politics

ആഗോള സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ നേരിടാൻ രാജ്യങ്ങൾ സഹകരിക്കണം: എസ്. ജയശങ്കർ

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ അതത് പ്രദേശങ്ങളെ മാത്രമല്ല, ആഗോളതലത്തിൽ സമ്പദ്‌വ്യവസ്ഥയെയും സുരക്ഷയെയും ബാധിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇത്തരം പ്രതിസന്ധികളെ നേരിടാൻ ശക്തവും വൈവിധ്യമാർന്നതുമായ വിതരണ ശൃംഖലകളും (സപ്ലൈ ചെയിൻ), നയതന്ത്ര ഇടപെടലുകളും രാജ്യങ്ങൾ തമ്മിലുള്ള കൂടുതൽ സഹകരണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫിൻലൻഡിൽ നടന്ന കുൽത്തരാന്ത ടോക്സ് (Kultaranta Talks) സമ്മേളനത്തിൽ “ഉയർന്നുവരുന്ന ശക്തികളും പുതിയ ഭൂരാഷ്ട്രീയ മത്സരവും” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലിന വാൽട്ടോനൻ, യുഎഇ അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രി ലാന നുസൈബെ എന്നിവർക്കൊപ്പമാണ് ജയശങ്കർ ചർച്ചയിൽ പങ്കെടുത്തത്. ആഗോള ശക്തിസമവാക്യങ്ങളിലെ മാറ്റങ്ങൾ, വർധിച്ചുവരുന്ന ഭൂരാഷ്ട്രീയ മത്സരം, സമകാലിക സുരക്ഷാ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ പരിഗണിച്ചു.

ചർച്ചയ്ക്ക് ശേഷം സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ച ജയശങ്കർ, നിലവിലുള്ള സംഘർഷങ്ങൾ അതുണ്ടാകുന്ന പ്രദേശങ്ങൾക്ക് പുറത്തേക്കും വലിയ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികളെ മറികടക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും നയതന്ത്ര ശ്രമങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *