മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും എക്‌സാലോജിക് ഐടി സ്ഥാപനത്തിൻ്റെ ഉടമയുമായ വീണ വിജയൻ ബുധനാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഹാജരായി. സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
ഇഡി മുമ്പ് ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് വീണ മെയിൽ അയച്ചിരുന്നു. എന്നാൽ സാവകാശം തരില്ലെന്ന് അറിയിച്ച് പുതുതായി ഇഡി സമൻസ് നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 10.30 ഓടെയാണ് അവർ ഇഡി ഓഫീസിലെത്തിയത്.
ഇഡി ഓഫീസിന് പുറത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. എംഎൽഎ മുഹമ്മദ് റിയാസ് വീണയുടെ ഒപ്പം വാഹനത്തിലുണ്ടായിരുന്നു. വീണ വിജയൻ തനിച്ചാണ് ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചത്.
വീണ വിജയൻ്റെ ഇപ്പോൾ പ്രവർത്തനരഹിതമായ എക്‌സാലോജിക് ഐടി സ്ഥാപനവും ഖനന കമ്പനിയായ സിഎംആർഎല്ലും (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി അന്വേഷണം നടത്തുന്നത്.





