യുണൈറ്റഡ് നേഷൻസ്: പ്രാചീന ഇന്ത്യയിൽ വേരുകളുള്ള യോഗ ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു സർവലൗകിക പരിശീലന വ്യായാമമായി മാറിയെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറെസ് പറഞ്ഞു. വിവിധ മതങ്ങളിലും സംസ്കാരങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് യോഗ പ്രയോജനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
12-ാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് ഗുട്ടെറസ് ഇക്കാര്യം പറഞ്ഞത്. ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിലാണ് യോഗയുടെ പ്രസക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ആരോഗ്യകരമായ വാർധക്യത്തിനായുള്ള യോഗ’ എന്ന പ്രമേയത്തിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘം യു.എൻ ആസ്ഥാനത്ത് യോഗദിനാഘോഷം സംഘടിപ്പിച്ചു.
യു.എൻ ആസ്ഥാനത്തെ നോർത്ത് ലോൺസിൽ, മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപമായിരുന്നു പരിപാടി. യോഗ പരിശീലകർ, നയതന്ത്രജ്ഞർ, യു.എൻ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, ഇന്ത്യൻ-അമേരിക്കൻ സമൂഹാംഗങ്ങൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.
പ്രാചീന ഇന്ത്യൻ പാരമ്പര്യത്തിൽ നിന്ന് ലോകവ്യാപക ആരോഗ്യ-ക്ഷേമ പ്രസ്ഥാനമായി യോഗ വളർന്നുവന്നതിൻ്റെ പ്രതീകമായിരുന്നു ഈ ആഘോഷമെന്ന് സംഘാടകർ വ്യക്തമാക്കി.





