ഭുവനേശ്വർ: ഒഡീഷയിൽ 47,600 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികൾ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്യും.
രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച വൈകുന്നേരം ഒഡീഷയിൽ എത്തിയിരുന്നു. മയൂർഭഞ്ജ് ജില്ലയിലെ റൈരംഗ്പൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തിയത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഒരുമിച്ച് ഒരു വികസന പരിപാടിയിൽ പങ്കെടുക്കുന്നത് അപൂർവ്വമായ കാര്യമാണ്.
ഊർജം, വ്യാവസായിക അടിസ്ഥാനസൗകര്യങ്ങൾ, റോഡുകൾ, കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ജലസേചനം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഒഡീഷയിലെ ബിജെപി സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും നടക്കുന്നത്.
സംസ്ഥാനത്തിൻ്റെ അടിസ്ഥാനസൗകര്യ വികസനത്തിനും പൊതുസേവനങ്ങളുടെ മെച്ചപ്പെടുത്തലിനും സാമ്പത്തിക വളർച്ചയ്ക്കും പദ്ധതികൾ വലിയ പ്രചോദനമാകുമെന്ന് അധികൃതർ അറിയിച്ചു.





