
മഴക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി വകുപ്പ് നടപ്പിലാക്കുന്ന “ഓപ്പറേഷൻ മൺസൂൺ” പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധന നടത്തി. തൃശൂർ ശക്തൻ മാർക്കറ്റിലെ മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളിലും വിവിധ സർക്കിളുകളിലെ ഹോട്ടലുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവടങ്ങളിലുമാണ് പ്രത്യേക പരിശോധനകൾ നടന്നത്.

ശക്തൻ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഭക്ഷ്യയോഗ്യമല്ലാത്ത 20 കിലോഗ്രാമോളം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവിടെ പരിശോധിച്ച 26 വ്യാപാര സ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തിയ നാലെണ്ണത്തിന് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. വിപുലമായ പരിശോധനയ്ക്കായി ഏഴ് സാമ്പിളുകൾ കാക്കനാട് റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു. കൂടാതെ ‘ഫുഡ് സേഫ്റ്റി ഓൺ വീൽസ്’ മൊബൈൽ ലാബ് വഴി 56 സാമ്പിളുകൾ സ്ഥലത്തുവച്ച് തന്നെ തൽക്ഷണ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
തൃശൂർ ടൗണിന് പുറമെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ സർക്കിളുകളിലെ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു. ഈ മേഖലകളിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ 12 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും രണ്ട് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെൻ്റ് നോട്ടീസും നൽകിയിട്ടുണ്ട്.

ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകുന്ന ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉൾപ്പെടെ കണ്ടെത്തുന്നതിനായി ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിൻ്റെയും 22 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് കാക്കനാട് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയിലുടനീളം കർശനമായ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണർ വി എസ് ഇന്ദു അറിയിച്ചു.
ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി. എച്ച് അഷറഫ്, എം. എസ് സിക്തമോൾ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, എം.എഫ്.ടി.എൽ അനലിസ്റ്റ് സുമേഷ്, നിസാർ എന്നിവരാണ് ശക്തൻ മാർക്കറ്റിലെ പരിശോധനകൾക്ക് നേതൃത്വം നൽകിയത്.




