
വിക്ടോറിയ: സീഷെൽസ് പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെൽസ് ദ്വീപസമൂഹ രാജ്യത്തിൻ്റെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഇതോടെ സീഷെൽസിൻ്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
സീഷെൽസ് സ്വാതന്ത്ര്യത്തിൻ്റെ സുവർണജൂബിലിയോടൊപ്പം ഇന്ത്യയും സീഷെൽസും തമ്മിലുള്ള നയതന്ത്രബന്ധത്തിൻ്റെ 50-ാം വാർഷികവും ഈ വർഷം ആഘോഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി നടന്ന ദേശീയ പരേഡിൽ ഇന്ത്യൻ സായുധസേനയുടെ പ്രത്യേക സംഘം പങ്കെടുത്തു.
അസം റൈഫിൾസ്, ഇന്ത്യൻ നാവികസേന, ഇന്ത്യൻ നാവികസേനയുടെ മാർച്ചിംഗ് ബാൻഡ് എന്നിവ ഉൾപ്പെട്ട സംഘമാണ് പരേഡിൽ അണിനിരന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പ്രതിരോധ സഹകരണത്തിൻ്റെ പ്രതീകമായാണ് ഈ പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് തർകാഷ് (INS Tarkash), ഐഎൻഎസ് ഇക്ഷക് (INS Ikshak) എന്നീ കപ്പലുകൾ പോർട്ട് വിക്ടോറിയ തുറമുഖത്ത് എത്തുകയും ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ പങ്കാളിത്തം ഇന്ത്യയും സീഷെൽസും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിൻ്റെയും തന്ത്രപ്രധാന പങ്കാളിത്തത്തിൻ്റെയും ശക്തമായ പ്രതീകമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.




