Growth India International News

സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് മോദിയും സീഷെൽസ് പ്രസിഡൻ്റും

വിക്ടോറിയ (സീഷെൽസ്): സീഷെൽസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനിയും ഉഭയകക്ഷി ചർച്ച നടത്തി. ആരോഗ്യം, വിദ്യാഭ്യാസം, ശേഷിവികസനം, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വികസനം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജം, സമുദ്രസുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുനേതാക്കളും ധാരണയിലെത്തി.

വിക്ടോറിയയിലെ സ്റ്റേറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഇന്ത്യ-സീഷെൽസ് ബന്ധത്തിൻ്റെ എല്ലാ മേഖലകളും അവലോകനം ചെയ്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ അനധികൃത മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, കടൽക്കൊള്ള തുടങ്ങിയ വെല്ലുവിളികളും പ്രാദേശിക-ആഗോള വിഷയങ്ങളും ചർച്ചയായി.

ഇന്ത്യ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക സഹായ പാക്കേജിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതിയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സീഷെൽസിൻ്റെ വികസന മുൻഗണനകൾക്ക് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.

ചർച്ചകൾക്ക് ശേഷം ഇന്ത്യയും സീഷെൽസും തമ്മിലുള്ള നയതന്ത്രബന്ധത്തിൻ്റെ 50-ാം വാർഷികം അനുസ്മരിക്കുന്ന സംയുക്ത സ്മാരക ലോഗോ ഇരുനേതാക്കളും പുറത്തിറക്കി. ശേഷിവികസനം, യുപിഐ (UPI), ആരോഗ്യം, കൃഷി, കപ്പൽഗതാഗതം, ബഹിരാകാശ സഹകരണം തുടങ്ങി 1,250 കോടി രൂപയുടെ വായ്പാ സഹായം (Line of Credit) എന്നിവ ഉൾപ്പെടെ നിരവധി ധാരണാപത്രങ്ങളിലും (MoU) കരാറുകളിലും നേതാക്കൾ ഒപ്പുവെച്ചു.

ഭക്ഷ്യസുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, തൊഴിൽപരിശീലനം, സമുദ്രസുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികളും പ്രഖ്യാപിച്ചു. ഇന്ത്യയുടെ നേതൃത്വത്തിലുള്ള കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയൻ്റ് ഇൻഫ്രാസ്ട്രക്ചർ (CDRI)-യിൽ ചേരുന്നതായി സീഷെൽസും പ്രഖ്യാപിച്ചു.

തുടർന്ന് സീഷെൽസ് ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നേട്ടവും അദ്ദേഹം ഇതോടെ സ്വന്തമാക്കി. ഇന്ത്യയും സീഷെൽസും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം, ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ച, വികസനം, സമുദ്രസുരക്ഷ, സാങ്കേതികവിദ്യ, ആരോഗ്യം, ശേഷിവികസനം തുടങ്ങിയ മേഖലകളിലെ സഹകരണം അദ്ദേഹം എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളുടെയും പാർലമെൻ്റുകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സീഷെൽസ് പ്രതിപക്ഷ നേതാവ് ബെർണാഡ് ജോർജസും പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു. ഇന്ത്യ-സീഷെൽസ് ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും ഇരുനേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *