ന്യൂഡൽഹി: ഗംഗാ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ശുദ്ധീകരിച്ച മലിനജലത്തിൻ്റെ സുരക്ഷിതമായ പുനരുപയോഗം പ്രധാന മുൻഗണനയാക്കണമെന്ന് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ നിർദേശിച്ചു. വ്യാഴാഴ്ച ചേർന്ന ഗംഗാ പുനരുജ്ജീവനത്തിനായുള്ള എംപവേഡ് ടാസ്‌ക് ഫോഴ്‌സിൻ്റെ 19-ാമത് യോഗത്തിലാണ് സംസ്ഥാന സർക്കാരുകൾക്കും നഗരസഭകൾക്കും പുനരുപയോഗ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ മന്ത്രി നിർദേശം നൽകിയത്.
ഗുണനിലവാര മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, ജലസേചനത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ശുദ്ധീകരിച്ച മലിനജലത്തിൻ്റെ ഗുണനിലവാരം സ്ഥിരമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് പൊതുജനാരോഗ്യവും കാർഷിക ഉൽപാദനക്ഷമതയും സംരക്ഷിക്കാൻ നിർണായകമാണെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ നമാമി ഗംഗ പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും, ആഗ്ര, പ്രയാഗ്‌രാജ്, വാരണാസി നഗരങ്ങളിലെ മലിനജല പുനരുപയോഗ പ്രവർത്തന പദ്ധതികൾ പൂർത്തിയായതായും അവലോകനം ചെയ്തു. താപവൈദ്യുത നിലയങ്ങൾ, റെയിൽവേ, നഗര ഹരിതവത്കരണം, ജലസേചനം തുടങ്ങിയ മേഖലകളിൽ ശുദ്ധീകരിച്ച മലിനജലം പ്രയോജനപ്പെടുത്താനുള്ള സാധ്യതകളാണ് ഈ പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.





