
ന്യൂഡൽഹി: 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചിയും ഇന്ത്യ-ജപ്പാൻ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി.
പ്രതിരോധ-സുരക്ഷ, സാമ്പത്തിക സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മൂന്ന് പ്രധാന മേഖലകളിൽ സഹകരണം വിപുലീകരിക്കാനും ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധതയും ഇരുരാജ്യങ്ങളും ആവർത്തിച്ചു.

സമുദ്രസുരക്ഷ, പ്രതിരോധ സാങ്കേതികവിദ്യ, സാമ്പത്തിക സുരക്ഷ, ഊർജം, നവീന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും ധാരണയായി. ഈ വർഷാവസാനത്തോടെ ടോക്കിയോയിൽ നാലാമത് ഇന്ത്യ-ജപ്പാൻ 2+2 മന്ത്രിതല യോഗം നടത്താനും തീരുമാനിച്ചു.
‘ജൈമെക്സ്-25’ നാവിക അഭ്യാസത്തിലെ പുരോഗതിയെയും ‘യൂണികോൺ’ പ്രതിരോധ സാങ്കേതിക പദ്ധതിയിലെ മുന്നേറ്റത്തെയും നേതാക്കൾ സ്വാഗതം ചെയ്തു. സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക് മേഖല എന്ന സംയുക്ത കാഴ്ചപ്പാടിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇരുരാജ്യങ്ങളും തീരുമാനമെടുത്തു.




