Kerala News

വയനാട് പുനരധിവാസം: ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ 242 പേര്‍

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പറ്റയിലും നെടുമ്പാലയിലുമായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയ്ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (DDMA) അംഗീകാരം ലഭിച്ചു. ആദ്യഘട്ട പട്ടികയില്‍ 242 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചൂരല്‍മല വാര്‍ഡില്‍ നിന്ന് 108 പേരും, അട്ടമലയില്‍ നിന്ന് 51 പേരും, മുണ്ടക്കൈ വാര്‍ഡില്‍ നിന്ന് 83 പേരുമാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. മറ്റൊരിടത്തും വീട് ഇല്ലാത്തവരാണ് ആദ്യഘട്ട പട്ടികയില്‍ ഇടം നേടിയവർ.

രണ്ടാംഘട്ട പട്ടികയില്‍ ദുരന്ത മേഖലയില്‍ നാശനഷ്ടം സംഭവിക്കാത്ത വീടുകള്‍, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകള്‍, ഒറ്റപ്പെട്ട വീടുകള്‍ എന്നിവ ഉള്‍പ്പെടുത്തും. അന്തിമ പട്ടികയ്ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സംസ്ഥാന ദുരന്ത നിവാരണ വകുപ്പില്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ ഐഎഎസ് അറിയിച്ചു.

ഗുണഭോക്താക്കളുടെ പട്ടിക കലക്ടറേറ്റിലും മറ്റ് പ്രാദേശിക ഭരണ ഓഫീസുകളിലും ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ വെബ്‌സൈറ്റുകളിലും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. വീടുകളിലെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭ്യമാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *