ന്യൂഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥൻ കെ. ശ്രീകർ റെഡ്ഡിയെ നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് വെള്ളിയാഴ്ച നിയമന വിവരം അറിയിച്ചത്.
2001 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ശ്രീകർ റെഡ്ഡി നിലവിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറലായി സേവനമനുഷ്ഠിച്ചുവരികയാണ്. അദ്ദേഹം ഉടൻ തന്നെ ഖത്തറിലെ പുതിയ ചുമതല ഏറ്റെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര, വ്യാപാര, ഊർജ, നിക്ഷേപ, പ്രതിരോധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ അംബാസഡറുടെ നിയമനം. ഖത്തറിലെ വലിയ ഇന്ത്യൻ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ കെ. ശ്രീകർ റെഡ്ഡി നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.





