ന്യൂഡൽഹി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങൾക്കിടയിലും രാജ്യത്ത് വളങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.
2025-26 കാലയളവിൽ സംഘർഷം രൂക്ഷമായതോടെ അമോണിയ, ഫോസ്ഫോറിക് ആസിഡ്, സൾഫർ, പൊട്ടാഷ് തുടങ്ങിയ വള നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ ബാധിക്കുകയും ചരക്ക്, ഇൻഷുറൻസ് ചെലവുകൾ വർധിക്കുകയും കയറ്റുമതിയിൽ കാലതാമസവും വിലക്കയറ്റവും ഉണ്ടാവുകയും ചെയ്തതായി സർക്കാർ വ്യക്തമാക്കി.
ഈ സാഹചര്യം മറികടക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുകയും, ദീർഘകാല വിതരണ കരാറുകൾക്ക് സൗകര്യമൊരുക്കുകയും, വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ സഹായത്തോടെ പുതിയ വിതരണ സ്രോതസുകൾ കണ്ടെത്തുകയും ചെയ്തുവെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കൂടാതെ, വള കമ്പനികളുടെ കൂട്ടായ്മ വഴി അസംസ്കൃത വസ്തുക്കളുടെ സംയുക്ത സംഭരണവും നടപ്പാക്കി. ഓരോ കൃഷി സീസണിനും മുമ്പ് സംസ്ഥാനങ്ങളുടെ ആവശ്യകത വിലയിരുത്തി വിതരണ പദ്ധതി തയ്യാറാക്കുകയും, ഇൻ്റഗ്രേറ്റഡ് ഫെർട്ടിലൈസർ മാനേജ്മെൻ്റ് സിസ്റ്റം (iFMS) വഴി വിതരണം നിരീക്ഷിക്കുകയും സംസ്ഥാനങ്ങളുമായി സ്ഥിരമായി അവലോകന യോഗങ്ങൾ നടത്തുകയും ചെയ്തതായി സർക്കാർ വ്യക്തമാക്കി.
ഈ നടപടികളുടെ ഫലമായി യൂറിയ, ഡി.എ.പി., എം.ഒ.പി., എൻ.പി.കെ.എസ്. വളങ്ങളുടെ മതിയായ ലഭ്യത 2025-26 സാമ്പത്തിക വർഷത്തിലും നിലവിലെ ഖരീഫ് 2026 സീസണിലും രാജ്യത്തുടനീളം ഉറപ്പാക്കാനായി എന്നും കേന്ദ്ര സർക്കാർ അറിയിച്ചു.





